ഹീര ഗ്രൂപ്പ് തട്ടിപ്പ്: പരാതി നല്കിയാല് നിക്ഷേപിച്ച പണം തിരിച്ചുകിട്ടില്ലെന്ന് ഭീഷണി
കോഴിക്കോട്: പലിശയ്ക്കു പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്നു കോടികള്‍ തട്ടിയ ഹീരാ ഗ്രൂപ്പ് തട്ടിപ്പ് കേസില്‍ ഇന്നലെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ചെമ്മങ്ങാട് പൊലിസ്. അതേസമയം, പൊലിസില്‍ പരാതി നല്കിയാല് നിക്ഷേപിച്ച പണം തിരിച്ചുകിട്ടില്ലെന്ന ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഹീറ ഷെയ്ഖിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലായിരിക്കാം പരാതികളൊന്നും വരാതിരുന്നതെന്നാണു നിഗമനം. ഹൈദരാബാദിലെ സ്വന്തം മാധ്യമസ്ഥാപനം വഴി ഭീഷണിസന്ദേശം പ്രചരിപ്പിച്ചതോടെ കോടികള്‍ നഷ്ടമായവര്‍ പോലും പരാതിയില്‍നിന്നു പിന്മാറിയതായാണു വിവരം. സ്ഥാപനം പണം കൈപ്പറ്റിയതിനു കൃത്യമായ രേഖകളുമായി വരുന്നവര്‍ക്ക് മാത്രമേ പണം തിരിച്ചുനല്കൂവെന്നു പറഞ്ഞതോടെയാണ് ഭൂരിഭാഗം പരാതിക്കാരും പിന്‍വലിഞ്ഞത്. ബാങ്ക് വഴിയല്ലാതെ പണം നിക്ഷേപിച്ചവര്‍ക്ക് ഹീര ഗോള്‍ഡിന്റെ പേരില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഏക രേഖ. അതേസമയം ലഭിച്ച 17 പരാതികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഫയല്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് കൈമാറിയതായി ചെമ്മങ്ങാട് പൊലിസ് പറഞ്ഞു. കമ്മിഷണറുടെ വിശദമായ പരിശോധനയ്ക്കു ശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറും. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചെമ്മങ്ങാട് എസ്.ഐ ടി. ലക്ഷ്മിയും എ.എസ്.ഐ എ.കെ ശ്രീകുമാറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."