യു.പി: ആറാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നു സമാപിക്കും
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ആറാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നു സമാപിക്കും. 12 ജില്ലകളിലായി 49 അസംബ്ലി മണ്ഡലങ്ങളിലാണ് ഈ മാസം നാലിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. എസ്.പി നേതാവ് മുലായം സിങ്ങിന്റെ ലോക്‌സഭാ മണ്ഡലമായ അസംഗഡ് ഉള്‍പ്പെടെയുള്ളവയാണ് ആറാംഘട്ടത്തില്‍ ജനവിധി തേടുന്നത്.
അസംഗഡിന് പുറമെ വിവാദ നായകനായ ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്, ജയിലില്‍ കഴിയുന്ന മുഖ്താര്‍ അന്‍സാരി ഉള്‍പ്പെടെയുള്ളവരുടെ മണ്ഡലങ്ങളും നാലിന് പോളിങ് ബൂത്തിലേക്കെത്തും. 94.60 ലക്ഷം പുരുഷന്മാരും 77.84 ലക്ഷം സ്ത്രീകളുമടക്കം 1.72 കോടി ജനങ്ങളാണ് മത്സര രംഗത്തുള്ള 635 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക.
2012ല്‍ അസംഗഡ് ലോക്‌സഭാ മണ്ഡലത്തിലെ 10 നിയമസഭാ സീറ്റുകളില്‍ ഒന്‍പത് എണ്ണത്തിലും വിജയിച്ചിരുന്നത് സമാജ്‌വാദി പാര്‍ട്ടിയായിരുന്നു.
ആറാംഘട്ട മത്സരത്തില്‍ പ്രമുഖരായ സ്വാമി പ്രസാദ് മൗര്യ (ബി.എസ്.പി), മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുര്യാ പ്രതാവ് ഷാഹി, എസ്.പി നേതാവ് ശ്യാം ബഹാദൂര്‍ യാദവ്, മുന്‍ ഗവര്‍ണര്‍ രാം നരേഷ് യാദവ്, അംബികാ ചൗധരി തുടങ്ങിയവര്‍ ജനവിധി തേടുന്നുണ്ട്.
2012ല്‍ 49 സീറ്റുകളില്‍ 27ലും വിജയിച്ചത് എസ്.പിയായിരുന്നു. ബി.എസ്.പിക്ക് ഒന്‍പത്, ബി.ജെ.പിക്ക് ഏഴ്, കോണ്‍ഗ്രസിന് നാല്, സ്വതന്ത്രര്‍ രണ്ട് സീറ്റുകള്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."