പ്രതിരോധമാണ് ശുശ്രൂഷ
മാറാരോഗങ്ങളും പകര്‍ച്ച വ്യാധികളും മനുഷ്യകുലത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചങ്ങലക്ക് ഭ്രാന്തെന്നപോലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം പകരുന്നു. നേരത്തെ ചിലര്‍ എബോള ബാധിച്ചു മരിച്ചത് നാമറിഞ്ഞു. ലൈബീരിയയില്‍ ചികിത്സിച്ചു സുഖമായി നാട്ടിലെത്തിയ ഇന്ത്യക്കാരനില്‍ വീണ്ടും രോഗാണുക്കള്‍ കണ്ടെത്തുകയുണ്ടായി. ആ മഹാമാരി ഇവിടെയും എത്തി. ഇപ്പോഴിതാ കൊറോണ. മോഡലുകള്‍ പലതും ഇനിയും വരാം.
രോഗങ്ങള്‍ക്ക് പ്രധാനമായി രണ്ട് കാരണങ്ങളുണ്ട്; പാരമ്പര്യം, സാഹചര്യം എന്നിങ്ങനെ. ആദ്യത്തേത് കൂടെപ്പിറപ്പാണ്. ചികിത്സിച്ചു തന്നെ മാറ്റണം. 'നിങ്ങളുടെ ശരീരങ്ങളില്‍ തന്നെയുണ്ട്; നിങ്ങള്‍ ചിന്തിക്കുന്നില്ലേ' (ദാരിയാത്: 21) എന്ന ഖുര്‍ആന്‍ സൂക്തം ഇത് സൂചിപ്പിക്കുന്നു. പുറമെ നിന്നുള്ളതാണ് രണ്ടാമത്തേത്. ഈ വകുപ്പിലാണ് പകര്‍ച്ച വ്യാധികളെല്ലാം. ശ്രദ്ധാപൂര്‍വം ജീവിച്ചാല്‍ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാം. 'നിങ്ങള്‍ ശരീരങ്ങളെ അപകടത്തിലെറിയരുത്' (അല്‍ബഖറ: 195) എന്ന സൂക്തം രോഗപ്രതിരോധത്തിനുള്ള കരുതല്‍ നടപടികളെപ്പറ്റി ഉദ്‌ബോധിപ്പിക്കുകയാണ്.
നല്ല ആഹാരവും കൃത്യമായ ഉറക്കും ആരോഗ്യവും സൗഖ്യവും നിലനിര്‍ത്തും. രണ്ടും കൂടുന്നതും കുറയുന്നതും ദോഷം ചെയ്യും. രാത്രി കൂടുതല്‍ നിസ്‌കരിക്കുകയും സ്ഥിരമായി നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്ന ശിഷ്യരെ യഥാസമയം ഉണ്ണാനും ഉറങ്ങാനും പ്രവാചകന്‍(സ) നിര്‍ദേശിച്ചു. 'നിങ്ങളുടെ ശരീരത്തോട് നിങ്ങള്‍ക്ക് കടപ്പാടുണ്ട്; ഭാര്യമാരോടും' എന്നും മറ്റും അവിടന്നു ഓര്‍മപ്പെടുത്തി. 'ഉറക്ക് നിങ്ങള്‍ക്ക് നാം വിശ്രമമായി നിശ്ചയിച്ചിരിക്കുന്നു' (നബഅ്: 9, ഫുര്‍ഖാന്‍: 47) 'നിങ്ങള്‍ക്ക് നാം നല്‍കിയ നല്ല ആഹാരങ്ങള്‍ നിങ്ങള്‍ കഴിക്കുക' (അല്‍ബഖറ: 57, 172, അഅ്‌റാഫ്: 160) തുടങ്ങിയ സൂക്തങ്ങള്‍ ഇതാണ് നമ്മെ പഠിപ്പിക്കുന്നത്.
ഹാറൂന്‍ റഷീദ് രാജാവിന് പ്രഗത്ഭനായൊരു ക്രിസ്ത്യന്‍ വൈദ്യനുണ്ടായിരുന്നു. അദ്ദേഹം ഖുര്‍ആന്‍ പണ്ഡിതനായ അലി ബ്‌നു ഹുസൈന്‍ വാഖിദ്‌നോട് ഇങ്ങനെ ചോദിച്ചു: 'എല്ലാ ശാസ്ത്രവും ഖുര്‍ആനിലുണ്ടെന്നു നിങ്ങള്‍(മുസ്‌ലിംകള്‍)പറയുന്നല്ലോ. എന്നിട്ടെന്താണ് ശരീരശാസ്ത്രം സംബന്ധിച്ചു ഖുര്‍ആനില്‍ ഒന്നും കാണാത്തത്' അലി : 'ഖുര്‍ആനിലുണ്ട്, ഉദാഹരണം നിങ്ങള്‍ ചവച്ചരച്ചു തിന്നുക; വെള്ളം കുടിക്കുക; അമിതമരുത്' (അഅ്‌റാഫ്: 31). വൈദ്യന്‍: 'ഞാന്‍ സമ്മതിച്ചു: എന്നാല്‍ നിങ്ങളുടെ പ്രവാചകന്‍(സ) ഈ വിഷയത്തില്‍ വല്ലതും പറഞ്ഞിട്ടുണ്ടോ?' അലി: 'ഉണ്ട്. ഇരങ്കുടല്‍ രോഗത്തിന്റെ വീടാണെന്നു അവിടന്നു പറഞ്ഞിട്ടുണ്ട്.' ഇതു കേട്ട വൈദ്യന്‍ ഇങ്ങനെ പ്രശംസിച്ചു: 'നിങ്ങളുടെ ഗ്രന്ഥവും പ്രവാചകനും ജാലിനൂസിനു ഒന്നും ബാക്കിവച്ചില്ലല്ലോ' പ്രശസ്ത ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞനാണ് ജാലിനൂസ് എന്ന ഗാലന്‍.
ഖരാഹാരം വിഴുങ്ങാതെ ചവച്ചരച്ചു തിന്നുക, ആവശ്യാനുസാരം വെള്ളവും പാനീയങ്ങളും ഉപയോഗിക്കുക, എല്ലാം മിതമാക്കുക എന്നിവ ശരീരം സംരക്ഷിക്കുന്നതിന്റെ പ്രധാന ഭാഗമാണ്. തിന്നുക എന്നതിന് ഖുര്‍ആന്‍ പ്രയോഗിച്ചത് കുലൂ എന്നാണ്. ചവച്ചരച്ചു ഭക്ഷിക്കുക എന്ന അര്‍ഥം ഇതിനുണ്ട്. വിഴുങ്ങുന്നതിനു ഇത് പ്രയോഗിക്കില്ല. ഇതാണ് പണ്ഡിതനായ അലി ചൂണ്ടി കാണിച്ചത്. ചവച്ചരച്ചാല്‍ വേഗം ദഹിക്കും.
ഇരങ്കുടലില്‍ നിന്നാണ് രോഗങ്ങള്‍ ശരീര ഭാഗങ്ങളിലെത്തുന്നത്. ഇത് തടയാന്‍ ഏറെ പ്രായോഗികം ആഹാരങ്ങളുടെ പരിശുദ്ധിയും നിയന്ത്രണവുമാണ്. ഇതാണ് മുന്‍വചനങ്ങളുടെ ചുരുക്കം. ഭക്ഷ്യപദാര്‍ഥങ്ങളും പാനീയങ്ങളും വെള്ളവും മൂടിവയ്ക്കുക, മൂത്രപ്പുരയിലും മറ്റും പ്രവേശിക്കുമ്പോള്‍ ചെരിപ്പും തൊപ്പിയും ധരിക്കുക, വീടും പരിസരവും വൃത്തിയാക്കുക, ആഹരിക്കുന്നതിനു മുന്‍പും ശേഷവും കൈ, വായ് കഴുകുക ഇതെല്ലാം മതവും ശാസ്ത്രവും നിര്‍ദേശിക്കുന്ന കാര്യങ്ങളാണ്. പ്രവാചകന്‍ (സ) തന്നെ വീടും പരിസരവും അടിച്ചു വൃത്തിയാക്കിയിരുന്നെന്നും പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പകര്‍ച്ച വ്യാധി നിയന്ത്രിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ പ്രവാചകന്‍ (സ) നല്‍കിയിട്ടുണ്ട്. വ്യാധിയുള്ള രാജ്യത്ത് നിന്നും അങ്ങോട്ടും യാത്ര ചെയ്യുന്നത് അവിടന്നു വിരോധിച്ചു. രോഗം വ്യാപിക്കാതിരിക്കാന്‍ ഇത് വളരെ സഹായകമാണല്ലോ. പകര്‍ച്ച വ്യാധി ബാധിച്ചവരുമായി ശുശ്രൂഷകരല്ലാതെ ഇടപഴകരുത്.
കൊടുങ്കാറ്റും വെള്ളപ്പൊക്കവും രോഗത്തിനും പകര്‍ച്ചവ്യാധിക്കും കാരണമാണ്. രോഗാണുക്കളുടെ ഘോഷയാത്രയാണ് വെള്ളപ്പൊക്കം. തവളകള്‍ വര്‍ധിക്കുന്നത് പകര്‍ച്ച വ്യാധിയുടെയും മറ്റും ലക്ഷണമാണെന്നു ലോകപ്രശസ്ത ഭിഷഗ്വരനായ ഇബ്‌നുസീനാ പറഞ്ഞത് ശ്രദ്ധേയമാണ്. വെള്ളപ്പൊക്കകാലത്ത് 'പാസ്‌പോര്‍ട്ടും വിസയുമില്ലാതെ' അനവധി തവളകളെത്തും.
ഖലീഫ ഉമറി (റ) ന്റെ കാലത്ത് ഫലസ്തീന്റെ അയല്‍ പ്രദേശമായ അംവാസില്‍ വബാ (വിഷപ്പനിയും മറ്റും) പടര്‍ന്നു പിടിച്ചു. തന്നിമിത്തം അദ്ദേഹം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇങ്ങനെ നിര്‍ദേശം കൊടുത്തു. 'അംവാസിലുള്ളവര്‍ പുറത്തേക്കും മറിച്ചും യാത്ര ചെയ്യരുത്.' പ്രധാനമായും മുസ്‌ലിം പട്ടാളക്കാരെ ഉദ്ദേശിച്ചായിരുന്നു ഇത്. പട്ടാള മേധാവിയായിരുന്ന അബൂ ഉബയ്ദതുബ്‌നുല്‍ ജര്‍റാഹ് (റ) ഖലീഫയോട് ഇങ്ങനെ ചോദിച്ചു: 'ഇത് അല്ലാഹുവിന്റെ വിധിയില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ'. ഖലീഫ പ്രതികരിച്ചു: 'ഈ ചോദ്യം താങ്കള്‍ ചോദിക്കേണ്ടതല്ല; അല്ലാഹുവിന്റെ ഒരു വിധിയില്‍നിന്നു അവന്റെ തന്നെ മറ്റൊരു വിധിയിലേക്കുള്ള അംഗീകൃത ഓട്ടമാണിത്'. 'അല്ലാഹുവില്‍ നിന്നു രക്ഷ അല്ലാഹുവിലേക്കു മാത്രം' (തൗബ: 18) എന്ന ഖുര്‍ആന്‍ സൂക്തമാണ് ഇവിടെ ഖലീഫ സൂചിപ്പിച്ചത്. രോഗവും പ്രതിരോധവും അല്ലാഹുവിന്റെ വിധിയെന്നര്‍ഥം. ഖേദകരമെന്നു പറയട്ടെ, ഇതേ അബൂഉബയ്ദയും മഹാപണ്ഡിതനായ മുആദുബ്‌നു ജബല്‍ (റ) തുടങ്ങി മറ്റു നിരവധി സഹാബിമാരും അനേകായിരം സാധാരണക്കാരും അന്നു രോഗബാധിതരായി മരിച്ചു വീണു.
നമ്മുടെ മൂത്രപ്പുരകള്‍, കക്കൂസ്, മാര്‍ക്കറ്റ്, ആശുപത്രി പരിസരങ്ങള്‍ എന്നുവേണ്ട ദേവാലയങ്ങള്‍ വരെ രോഗങ്ങളുടെ ഈറ്റില്ല, പോറ്റില്ലങ്ങളാണ്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ അത്യാവശ്യത്തിനു മാത്രമേ പോകാവൂ. സംസാരവും ശ്വാസംപോലും പരമാവധി കുറക്കണം. ഇതെല്ലാം മത, ശാസ്ത്ര നിര്‍ദേശങ്ങള്‍ തന്നെയാണ്.
അവിഹിത, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നതും പകര്‍ത്തുന്നതുമാണ്. എന്നുവേണ്ട ഭാര്യ-ഭര്‍തൃ ബന്ധം തന്നെ സൂക്ഷിച്ചില്ലെങ്കില്‍ മഹാമാരികള്‍ ക്ഷണിച്ചുവരുത്തും. ഇത് സന്താന പരമ്പരയേയും ബാധിക്കും. 'ആര്‍ത്തവമുണ്ടായാല്‍ കുളിച്ചു പൂര്‍ണ ശുദ്ധി പ്രാപിക്കും മുന്‍പ് സംയോഗമരുത്' എന്ന നിയമം മതപരം മാത്രമല്ല, ആരോഗ്യപരവുമാണ്. ജനനേന്ദ്രിയത്തിന്റെ അടിഭാഗത്തേക്ക് അശുദ്ധ രക്തത്തിലൂടെ അനേകം രോഗാണുക്കളുടെ വേലിയേറ്റമുണ്ടാകുന്ന പ്രക്രിയയാണ് ആര്‍ത്തവം.
വെള്ളം കയറിയ കുളത്തില്‍ ചത്തതും ചീഞ്ഞതും രോഗാണുക്കളുമെല്ലാം ഉണ്ടാകും. അതിലിറങ്ങി കുളിക്കുന്നപോലെയാണ് ആര്‍ത്തവ സമയ ബന്ധം. ഭര്‍ത്താവും തുടര്‍ന്നു ഭാര്യയും പിന്നെ കുടുംബവും അണുക്കളുടെ പിടിയിലമരും. സുപ്രസിദ്ധ പ്രകൃതി ശാസ്ത്രജ്ഞനായ ഡോ. ബ്രഫോള്‍ട്ട് 'ഉമ്മമാര്‍' എന്ന പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്; അദ്ദേഹം പറയുന്നു: ഈ നിയമം പ്രകൃതിപരമാണ്. പെണ്‍മൃഗം ആര്‍ത്തവ സമയത്ത് ഇണ ചേരാന്‍ അനുവദിക്കാറില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് എത്ര ശ്രദ്ധേയം: 'ആര്‍ത്തവം സംബന്ധിച്ചു അവര്‍ താങ്കളോട് ചോദിക്കാം, താങ്കള്‍ പറയുക; അത് മ്ലേച്ഛമാണ്. അപ്പോള്‍ നിങ്ങള്‍ സ്ത്രീകളുമായി ബന്ധപ്പെടരുത്' (അല്‍ബഖറ: 222).
ശാരീരികമായി ബന്ധപ്പെട്ടാല്‍ ഉടനെ മൂത്രിക്കേണ്ടതും കുളിക്കേണ്ടതുമാണ്. പെട്ടെന്നു കുളിക്കാന്‍ സൗകര്യമില്ലെങ്കില്‍ അംഗസ്‌നാനമെങ്കിലും ചെയ്യണം. മതവും വൈദ്യശാസ്ത്രവും അനുശാസിക്കുന്ന കാര്യമാണിത്. ലൈംഗികാവയവങ്ങളില്‍ ബീജാംശങ്ങളും മറ്റും തങ്ങിനില്‍ക്കുന്നത് രോഗത്തിനു കാരണമാണ്. ഇതൊഴിവാക്കാനാണ് മൂത്രിക്കുന്നത്. ശരീരപേശികളുടെ വലിവും ആലസ്യവും ഒഴിവാക്കാനാണ് കുളിയും സ്‌നാനവും. ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഇത് സഹായകമാണ്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
എത്ര വലിയ മഹാമാരിയാണെങ്കിലും ബന്ധപ്പെട്ടവര്‍ ശുശ്രൂഷിക്കണം. പൊലിസിനേക്കാള്‍ പേടിക്കേണ്ടത് പടച്ചവനെയാണ്. ഇത് മനുഷ്യന്റെ കാര്യം മാത്രമല്ല. എല്ലാ ജീവികളേയും പരിപാലിക്കേണ്ടതുണ്ട്. ചൊറി പിടിച്ചും മറ്റും കിടപ്പിലായ നായ, പന്നികളെ ശൈഖ് രിഫാഈ (റ) ശുശ്രൂഷിച്ചിരുന്നത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഉന്നതനായ മനുഷ്യന് എല്ലാ ജീവിയോടും കരുണയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."