തമിഴ്‌നാട്ടില്‍ നാളികേരം ഉല്‍പാദനം കുറഞ്ഞു; കേരളത്തില്‍ നാളികേര വില കുതിച്ചുയരുന്നു
പാലക്കാട് : തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും നാളികേര ഉത്പാദനത്തില്‍ ഓഫ് സീസണായത്തോടെ കേരത്തില്‍ നാളികേര വിലയും വെളിച്ചെണ്ണ വിലയും കുതിച്ചുയരുകയാണ്. കഴിഞ്ഞമാസം വരെ കിലോക്ക് 30-35 രൂപയായിരുന്ന നാളികേരത്തിനിപ്പോള്‍40-45 രൂപവരെ യെത്തിയിരിക്കുകയാണ് ഈ സ്ഥിതി അടുത്ത മൂന്നുമാസത്തിനകം നാളികേരവില കിലോക്ക് 60 രൂപ കടക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് തേങ്ങയുടെ വില കിലോ 50 രൂപവരെയെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നാളികേരത്തിന് 25 രൂപ യായിരുന്നു. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ, പേരാപൂരനി, പൊള്ളാച്ചി ഉടുമലൈപേട്ട എന്നിവടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും ഉത്തരേന്ത്യയിലേയ്ക്കും വിദേശരാജ്യങ്ങളിലേയ്ക്കും പച്ചതേങ്ങ കയറ്റുമതി ചെയ്യുന്നത്. ഹെയര്‍ ഓയില്‍, പൗഡര്‍, വെള്ളിച്ചെണ്ണ നിര്‍മാണ കമ്പനികളിലേക്കാണ് കൂടുതലായും തമിഴ്‌നാട്ടില്‍ നിന്നും നാളികേരം കയറ്റി പോകുന്നത്. പുതുക്കോട്ടൈ , പൊള്ളാച്ചി എന്നിവടങ്ങളില്‍ നിന്നുമാണ് കേരളത്തിലെ തെക്കന്‍ ജില്ലകളിലേയ്ക്ക് കൂടുതലായും നാളികേരമെത്തുന്നത്. കഴിഞ്ഞമാസം പകുതിയോടെ തേങ്ങ വരവ് കുറവായതാണ് കേരളത്തിലേയ്ക്കുള്ള കയറ്റുമതിയില്‍ വ്യതിയാനം വന്നതും നാളികേര വില കുതിച്ചുയരാന്‍ കാരണമായത്. തമിഴ്‌നാട്ടിലെ കാലാവസ്ഥാ വ്യതിയാനവും ചുഴലിക്കാറ്റുമാണ് കേരകൃഷിയില്‍ കനത്ത നാശനഷ്ടമുണ്ഠാക്കിയയതെന്ന് കേരകര്‍ഷകര്‍ പറയുന്നു. കേരളത്തില്‍ നിന്നും പ്രത്യേകിച്ച് കേരനാടായ പാലക്കാട് നിന്നും കൂടുതല്‍ തേങ്ങ കയറ്റി പോകുന്നത് തമിഴ്‌നാട്ടിലെ കങ്കയത്തേയ്ക്കാണ്. എന്നാല്‍ കേരളത്തിലെ കൂലിച്ചെലവിന്റെ അഞ്ചില്‍ ഒന്ന് തുക മുടക്കിയാല്‍ തമിഴ്‌നാട്ടില്‍ നിന്നും തേങ്ങ ഇറക്കു മതി ചെയ്യാനാവുമെന്നതാണ് തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ തേങ്ങ വരുന്നതിനു കാരണമാകുന്നത്. തേങ്ങ വില വര്‍ദ്ധിച്ചതോടെ വെള്ളിച്ചെണ്ണ വില ഉയര്‍ന്നിട്ടുണ്ട്. 180-200 ഉണ്ടായിരുന്ന വെളിച്ചെണ്ണ 230-250 ല്‍ എത്തി നില്‍ക്കുകയാണ്.
ഇനിയും തേങ്ങവില ഉയര്‍ന്നാല്‍ വെളിച്ചെണ്ണ വിലയും ഉയര്‍ത്തണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പൊതു വിപണിയില്‍ ഗുണനിലവാരമില്ലാത്ത 70 ഓളം വ്യാജ വെളിച്ചെണ്ണ നിരോധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നും ധാരാളം വ്യാജ വെളിച്ചെണ്ണ എത്തുന്നുണ്ട്. നാളികേര വില കുതിച്ചതോടെ ഒരു നാളികേരത്തിന് 25-30 രൂപ മുതലാണ് വില .
ഒരു കിലോ നാളികേരത്തില്‍ ചെറുതാണെങ്കില്‍ മൂന്നും, ഇടത്തരമെങ്കില്‍ രണ്ടെണ്ണവും വലുതാണെങ്കില്‍ രണ്ടു നാളികേരം ഒന്നര കിലോയോളം വരും. കോക്കനട്ട്, വെളിച്ചെണ്ണ, പൗഡര്‍, കമ്പനികള്‍ക്കു നല്‍കുന്ന നാളികേരത്തിനു പുറമെ പച്ചതേങ്ങകള്‍ക്കു കൂടി തമിഴ്‌നാട്ടില്‍ ആവശ്യക്കാര്‍ കൂടി വരുന്നതും വിപണിയെ പ്രതിസന്ധിയിലാക്കുന്നു. തമിഴ്‌നാട്ടില്‍ നാളികേരത്തിന്റെ ഓഫ് സീസണ്‍ ആയതോടെ കേരളത്തിലേക്കുള്ള നാളികേര ലോഡുകള്‍ പകുതിയായി കുറഞ്ഞിരിക്കുകയാണ്.
ഇനിയും നാളികേരത്തിന്റെ വില ഉയര്‍ന്നാല്‍ അടുക്കളയിലെ തേങ്ങ അരച്ചുള്ള കറികളും വീട്ടമ്മമാര്‍ക്കു മുമ്പില്‍ ചോദ്യ ചിഹ്നമാവുമെന്നും മാത്രമല്ല വെളിച്ചെണ്ണ വിലയും കൂടുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."