കോതമംഗലത്തേക്ക് നോട്ടമിട്ട് ജോണി; കുട്ടനാട്ടില്‍ കണ്ണെറിഞ്ഞ് ജോസഫ്
സ്വന്തം ലേഖകന്‍
കൊച്ചി : കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗവുമായുള്ള ലയന നീക്കം പാര്‍ട്ടിക്കുള്ളില്‍ ശക്തമാക്കി കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) ചെയര്‍മാന്‍ ജോണി നെല്ലൂര്‍.
അനൂപ് ജേക്കബിനെ സമ്മര്‍ദ്ദത്തിലാക്കിയുള്ള ജോണി നെല്ലൂരിന്റെ കരുനീക്കത്തിന്റെ ഭാഗമായാണ് എറണാകുളം ജില്ലാ കമ്മിറ്റിയിലെ പ്രമുഖരുടെ കൊഴിഞ്ഞു പോക്ക്. ലയനത്തിനായി ജോസഫ് വിഭാഗവുമായി ജോണി നെല്ലൂര്‍ ചര്‍ച്ച നടത്തി വരികയാണ്. എന്നാല്‍ ജോണി നെല്ലൂര്‍ പാര്‍ട്ടിയിലേക്ക് വരുന്നതിനോട് മാണി വിഭാഗത്തില്‍നിന്നെത്തിയ നേതാക്കള്‍ക്ക് താല്‍പര്യമില്ല. പാര്‍ട്ടിയില്‍ തങ്ങളുടെ സ്ഥാനം പരുങ്ങലിലാകുമെന്ന് സി.എഫ് തോമസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ആശങ്കയുണ്ട്. അതിന്റെ ഫലമായി ജേക്കബ് വിഭാഗത്തില്‍നിന്ന് വലിയൊരു വിഭാഗത്തെ അടര്‍ത്തി മാറ്റണമെന്ന വ്യവസ്ഥയാണ് ജോണി നെല്ലൂരിനു മുന്നില്‍വച്ചിരിക്കുന്നത്.
ഇതു മുന്നില്‍ കണ്ടാണ് അനൂപിന്റെയും പാര്‍ട്ടിയുടെയും പ്രധാന തട്ടകമായ എറണാകുളം ജില്ലയിലെ നേതാക്കളെ ലയനത്തിനായി ഒരുക്കുന്നത്. 21ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗം ജോണി നെല്ലൂര്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തിന് തീരുമാനമെടുക്കാനാണ് ജോണി നെല്ലൂരിന്റെ നീക്കം. പാര്‍ട്ടി ചെയര്‍മാനെന്ന നിലയില്‍ തന്റെ അധികാരങ്ങളുപയോഗിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ജോസഫ് വിഭാഗത്തിനൊപ്പം ചേരുമ്പോള്‍ കോതമംഗലം സീറ്റിലാണ് ജോണി നെല്ലൂരിന്റെ നോട്ടം.
ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാനായി ജോസഫ് വിഭാഗവും ചര്‍ച്ച നടത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ഫ്രാന്‍സിസിനായി കോതമംഗലം സീറ്റാകും ജോസഫ് കരുതിവയ്ക്കുക. ജോണി നെല്ലൂരിന് മൂവാറ്റുപുഴയില്‍ അഭയം പ്രാപിക്കേണ്ടി വരും.
ജേക്കബ് വിഭാഗത്തെ കൂടെ നിര്‍ത്തി കുട്ടനാട് സീറ്റ് പിടിക്കാമെന്നാണ് ജോസഫിന്റെ കണക്കു കൂട്ടല്‍ . കുട്ടനാട് കൂടി ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ കേരളാ കോണ്‍ഗ്രസ് (എം)ന്റെ പേരിലുള്ള അവകാശവാദത്തിന് കരുത്താകുമെന്ന് ജോസഫ് കരുതുന്നു. ജോണി നെല്ലൂരിനോടൊപ്പം അനൂപ് ജേക്കബുമായും ജോസഫ് വിഭാഗം ചര്‍ച്ച നടത്തുന്നുണ്ട്. അനൂപ് ജേക്കബിനെ കൂടെ കൂട്ടിയാലും കേരളാ കോണ്‍ഗ്രസ് (എം)ല്‍ അധികാരം സ്ഥാപിച്ചെടുക്കാന്‍ ജോസഫിന് കഴിയും.
പിറവം നിയോജക മണ്ഡലത്തിലേതുള്‍പ്പെടെ ജോസഫ് ഗ്രൂപ്പിന്റെ സ്വാധീനം അനൂപിന് പ്രയോജനപ്പെടുന്നുണ്ട്. അതിനാല്‍ ജോസഫിന്റെ വാഗ്ദാനം തള്ളിക്കളയുന്നത് അനൂപ് ജേക്കബിനും എളുപ്പമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."