യമനില്‍ സഖ്യസേന വ്യോമാക്രമണം: ഹൂതി കമാണ്ടറടക്കം 6 പേര് കൊല്ലപ്പെട്ടു
റിയാദ്: യമനില്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന് രഹസ്യമായി നല്കിയ മിസൈലുകളും ആയുധങ്ങളും സംഭരിച്ച ഗോഡൗണ്‍ തകര്‍ക്കുകയും മുതിര്‍ന്ന ഹൂതി കമാണ്ടറും അംഗ രക്ഷകരും കൊല്ലപ്പെടുകയും ചെയ്തു. വിമത വിഭാഗമായ ഇറാന് അനുകൂല ഹൂതി വിഭാഗത്തിലെ മുതിര്‍ന്ന സൈനിക കമാണ്ടര്‍ യഹ് യ അല്‍ ഇര്യാനിയും അംഗ രക്ഷകരായ അഞ്ചു ഹൂതികളുമാണ് ബുധനാഴ്ച വൈകീട്ട് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കിഴക്കന്‍ തീരപ്രദേശ പട്ടണമായ മൊഖയിലെ ഹൂതികളുടെ ഖാലിദിബ്നു വലീദ് ക്യാംപില്‍ ഇദ്ദേഹത്തിന്റെ കാറിന് നേരെയാണ് വ്യോമാക്രമണം നടന്നത്. തുടര്‍ന്ന് ക്യാംപില്‍ ഔദ്യോഗിക യമന്‍ സൈന്യവും ഹൂതി വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലും നടന്നു.
ഇറാന് രഹസ്യമായി നല്കിയ മിസൈലുകളും ആയുധങ്ങളും സംഭരിച്ച ഗോഡൗണിന് നേരെയും അറബ് സഖ്യസേന ആക്രമണം നടത്തി. പ്രദേശവാസികള്‍ക്ക് പ്രവേശനം പോലും നിരോധിച്ച ഹംസാത്ത് മേഖലയിലാണ് ഹൂതികളുടെ ഇറാന് രഹസ്യ ആയുധ പുര കണ്ടെത്തിയതെന്ന് സആദ പ്രവിശ്യ ഗവര്‍ണര്‍ പറഞ്ഞു. ഇവിടെയും സമീപത്തുള്ള ഹൂതി നേതാക്കളുടെ വീടുകള്‍ക്കു നേരെയും സഖ്യസേന ആക്രമണം നടത്തിയതായും രണ്ട് ഹൂതി ലീഡര്‍മാര്‍ ഇവിടെയും കൊല്ലപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."