കൃഷിയിടത്തില്‍ പരീക്ഷണങ്ങളിലൂടെ വിജയം നേടി കര്‍ഷകന്‍
മുക്കം: പരമ്പരാഗത കൃഷിരീതികള്‍ക്കൊപ്പം ആധുനിക രീതിയും പരീക്ഷിച്ച് കാര്‍ഷിക വൃത്തിയില്‍ വിജയം നേടിയിരിക്കുകയാണ് ചെറുവാടി സ്വദേശി കട്ടയാട്ട് തച്ചോളില്‍ മുഹമ്മദ് അബ്ദുല്‍ നജീബ്. കഴിഞ്ഞ 40 വര്‍ഷമായി കാര്‍ഷിക രംഗത്ത് സജീവ സാനിധ്യമായ നജീബ് സ്വന്തം സ്ഥലത്തിന് പുറമെ സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. ശീതകാല പച്ചക്കറികളാണ് ഈ സീസണില്‍ വിളയിച്ചത്. മുളക്, കാബേജ്, കോളിഫ്‌ളവര്‍, മത്തന്‍, കാപ്‌സിക്കം, ബ്രുക്കോളി, പയര്‍, കക്കിരി, വഴുതിന, തക്കാളി, തണ്ണി മത്തന്‍, കുമ്പളം, കൈപ്പ, പടവലം, ചുരങ്ങ, കാരറ്റ്, ബീറ്റ്‌റൂട്ട്, കാപ്‌സിക്കം തുടങ്ങിയവയെല്ലാം ഇവിടെ സമൃദ്ധമായി വളരുന്നു. കൃഷി നഷ്ടമാണെന്ന് പറഞ്ഞ് കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്‍മാറുന്നവരോട് കൃഷി ലാഭകരമാണെന്ന് ഈ കര്‍ഷകന്‍ തന്റെ അനുഭവം മുന്‍നിര്‍ത്തി പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ അധികമാരും പരീക്ഷിക്കാത്ത പ്ലാസ്റ്റിക് മള്‍ച്ചിങ് കൃഷി രിതിയും ഡ്രിപ്പ് ഇറിഗേഷന്‍ ജലസേചനത്തിനും പരീക്ഷിച്ചത് വലിയ വിജയമായി മാറി. കള ശല്യം ഇല്ല എന്നതാണ് പ്ലാസ്റ്റിക് മള്‍ച്ചിങിന്റെ പ്രത്യേകത. ഇത് വളപ്രയോഗം 25 ശതമാനം വരെ കുറക്കാനും ജലസേചനത്തിനടക്കം തൊഴിലാളികളെ കുറക്കാനും സഹായകമായി. കുളത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ഓരോ കൃഷിക്കും ആവശ്യമായ വെള്ളവും വളവും മാത്രം പൈപ്പുകള്‍ വഴി നല്‍കുകയാണ് ചെയ്യുന്നത്. പച്ചക്കറി കൃഷിക്കൊപ്പം തന്നെ രണ്ട് തടങ്ങള്‍ക്കിടയില്‍ നെല്ല് നട്ടും നജീബ് തന്റെ കാര്‍ഷികവൃത്തിയോടുള്ള സ്‌നേഹം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."