ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വിശാല ജനകീയ ഐക്യനിര കെട്ടിപ്പടുക്കണം: പ്രകാശ് കാരാട്ട്
തൃശൂര്‍: കേന്ദ്ര ബി.ജെ.പി ഭരണത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വിശാല ജനകീയ ഐക്യനിര കെട്ടിപ്പടുക്കുന്നതിനൊപ്പം പ്രവര്‍ത്തന മേഖലയും ശക്തിപ്പെടുത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
വര്‍ഗീയതക്കും ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ക്കുമെതിരായി ദ്വിമുഖ പോരാട്ടത്തിന് അണിനിരക്കാന്‍ തയ്യാറുള്ള മുഴുവന്‍ ശക്തികളെയും ഐക്യപ്പെടുത്തുന്നതിന് ഇടതുപക്ഷം നേതൃത്വം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.എം.എസ് സ്മൃതി2016ന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാരാട്ട്. വരുകാല പ്രക്ഷോഭത്തിന് വിശാലമായ ഐക്യ നിര കെട്ടിപ്പടുക്കുന്നതിനൊപ്പം പ്രായോഗിക തലം എങ്ങിനെ ശക്തിപ്പെടുത്താമെന്നതും മുഖ്യ വിഷയമാണ്.
ഇക്കാര്യത്തില്‍ യോജിക്കാവുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളണം. ആരെയും അകറ്റി നിറുത്തേണ്ടതില്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല, ജനാധിപത്യ പ്രസ്ഥാനങ്ങള്‍, മതനിരപേക്ഷ വാദികള്‍, പരിസ്ഥതി, ദളിത് സംഘടനകള്‍, വ്യക്തികള്‍, കര്‍ഷക സംഘടനകള്‍, വിദ്യാര്‍ഥിയുവജന സംഘടനകള്‍ തുടങ്ങി ഏക അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഗ്രൂപുകളെ വരെ സമരത്തിന്റെ വിശാല പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തണം.
ഭൂരിപക്ഷ വര്‍ഗീയതയോടൊപ്പം ന്യൂനപക്ഷ വര്‍ഗീയതക്കും തീവ്രാദത്തിനുമെതിരേ പോരാടണം. മതന്യൂനപക്ഷങ്ങളുടെ പേരിലുള്ള തീവ്രവാദത്തെ കണ്ടില്ലെന്നു നടിച്ചാല്‍ അത് ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് സഹായകമാകും. ഇരുപതാം നൂറ്റാണ്ടില്‍ ജര്‍മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫാസിസത്തിന്റെ വ്യതസ്ത മുഖങ്ങള്‍ കണ്ടു. ഈ വികസിത രാഷ്ട്രങ്ങള്‍ ഇന്ന് ഫാസിസം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ഏകാധിപത്യ വാഴ്ചകള്‍ സൃഷ്ടിച്ചു.
ബിജെപി ഭരണത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വ ശക്തികളുടെ വര്‍ഗീയ അജണ്ടയും ആശയങ്ങളും പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യമേഖലയെ വരെ ഇതിനായി ഉപയോഗിക്കുന്നു. സമസ്ത തലങ്ങളിലും വര്‍ഗീയവാദത്തിന് വേരോട്ടമുണ്ടാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായതു മുതലെടുത്താണ് ബി.ജെ.പി വളര്‍ച്ച കൈവരിച്ചത്.
ഇതൊക്കെയാണ് അവസ്ഥയെങ്കിലും ഇടതുപക്ഷത്തിനും ജനാധിപത്യ വാദികള്‍ക്കും നിരാശപ്പെടേണ്ട സാഹചര്യമില്ല. മോഡി ഭരണം രണ്ടു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് ഭരണത്തിന്റെ ആപത്ത് അനുഭവിച്ചറിയുകയാണ്.
യുവാക്കളും കര്‍ഷകരും അടക്കമുള്ള ജനവിഭാഗങ്ങള്‍ അസ്വസ്ഥരാണ്.
വാഗ്ദാന ലംഘനം മുഖമുദ്രയാക്കിയ ബി.ജെ.പി സര്‍ക്കാരിന്റെ കോര്‍പേററ്റ് പ്രീണനവും വിലക്കയറ്റവും അസമത്വവും ജനത്തിന് തീരാദുരിതമായി മാറുന്നു. ഇതു തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളും ശക്തി പ്രാപിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ക്ഷീണമുണ്ടായി. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു.
കേന്ദ്രനയത്തിനെതിരായ കേന്ദ്ര ട്രേഡ് യൂനിയനുകളുടെ ഐക്യ നിര കൂടുതല്‍ കരുത്താര്‍ജിക്കുന്നു.
ആറ് ഇടതുപക്ഷ പാര്‍ടികള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കുന്നു. മതിനരപേക്ഷ, ജനാധിപത്യ ശക്തികളുമായുള്ള ഐക്യം വര്‍ധിപ്പിക്കുന്നു.
ഇടതുപക്ഷം ദുര്‍ബലമായ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരെ പല വിധ പ്രക്ഷോഭങ്ങളും നടക്കുന്നു. ഇതെല്ലാം ബി.ജെ.പി സര്‍ക്കാരിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടും. തെരഞ്ഞെടുപ്പില്‍ കൂടി മാത്രമല്ല, ബി.ജെ.പിക്കെതിരേ പോരാടേണ്ടത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടം ശക്തിപ്പെടുത്തികൊണ്ടു കൂടിയാകണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."