മുപ്പതോളം കുടുംബങ്ങള്‍ കുടിവെള്ളം തേടുന്നു
തേഞ്ഞിപ്പലം: മുപ്പതിലേറെ കുടുംബങ്ങള്‍, എല്ലാവര്ക്കും ആകെയുള്ളത് രണ്ടു കിണര്‍, ഒന്നു നേരത്തേ വറ്റിവരണ്ടു. പിന്നീട് മുപ്പതിലേറെ കുടുംബങ്ങള്‍ ആശ്രയിച്ചിരുന്നത് ഒരു കിണറിനെ. എന്നാല്‍ ഈ കിണറും കഴിഞ്ഞദിവസം വറ്റിവരണ്ടതോടെ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുകയാണ് തേഞ്ഞിപ്പലം ആലുങ്ങല്‍ പാടാട്ടാല്‍ ലക്ഷം വീട് കോളനി നിവാസികള്‍.
വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായി. ജലവിതരണ പൈപ്പ് സാമൂഹിക വിരുദ്ധര്‍ തകര്‍ത്തതു മൂലമാണ് പ്രദേശത്തേക്കുള്ള ജലവിതരണം താറുമാറായത്. ഇനി പൈപ്പ് നന്നാക്കിയാല്‍ തന്നെ പാറക്കടവ് പമ്പ് ഹൗസിലെ നവീകരണ പ്രവൃത്തികള്‍ കഴിയാതെ ആ വെള്ളവും പ്രതീക്ഷിക്കാനാവില്ല.
കോളനിയില്‍ ആകെയുണ്ടായിരുന്നത് ഒരു കുഴല്‍ക്കിണറാണ്. ഇത് തകരാറിലായിട്ട് നാലുവര്‍ഷം പിന്നിട്ടു. കിണര്‍ വറ്റുകയും കുഴല്‍കിണര്‍ തകരാറിലാവുകയും വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിലയ്ക്കുകയും ചെയ്തതോടെ പ്രദേശത്തുകാര്‍ വെള്ളത്തിനു വേണ്ടി തെണ്ടേണ്ട അവസ്ഥയാണ്. ജലവിതരണ പൈപ്പ് നശിപ്പിച്ചെന്ന് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതരും പഞ്ചായത്ത് പ്രസിഡന്റും കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."