അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കുരുന്നുകള്‍
പള്ളിക്കല്‍: കളിച്ചും ചിരിച്ചും ഉല്ലസിച്ചും കഴിയേണ്ട കുരുന്നുകള്‍ അങ്കണവാടിയെന്ന പേരില്‍ പീടികമുറികള്‍ക്കുള്ളില്‍ കിടന്ന് വീര്‍പ്പു മുട്ടുന്നു. പള്ളിക്കല്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ പുന്നൊടി അങ്കണവാടിയിലെ കുരുന്നുകള്‍ക്കാണ് ഈ ദുരവസ്ഥ. 2007 ല്‍ തുടങ്ങിയ അങ്കണവാടി സ്ഥിരം കെട്ടിടമില്ലാത്തതിനാല്‍ കഴിഞ്ഞ പത്ത് വര്‍ഷവും പലയിടങ്ങളിലായി വാടക കെട്ടിടത്തിലായാണ് പ്രവര്‍ത്തിക്കുന്നത്.
ഇപ്പോള്‍ ഇടുങ്ങിയ രണ്ട് മുറി പീടികമുറിയിലാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം. രണ്ട് മുറികളില്‍ ഒന്ന് ഭക്ഷണമുണ്ടാക്കാനും ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കാനുമായി ഉപയോഗിക്കുന്നു. ഇടുങ്ങിയ മുറിക്കുള്ളില്‍ കഴിയുന്ന 18കുരുന്നു മക്കള്‍ക്ക് സ്വസ്ഥമായിരുന്ന് ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ ഉച്ചയുറക്കത്തിനോ ഇവിടെ യാതൊരു സൗകര്യവുമില്ല.
കെട്ടിടം നിര്‍മിക്കാനാവശ്യമായ സ്ഥലം ലഭിക്കാത്തതാണ് ഈ ദുരവസ്ഥക്ക് കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കെട്ടിടം നിര്‍മിക്കാനായി സ്വകാര്യവ്യക്തി സ്ഥലം നല്‍കുകയും പഞ്ചായത്ത് ഫണ്ട് വെക്കുകയും ചെയ്തിരുന്നെങ്കിലും ലഭിച്ച സ്ഥലം വയല്‍ ആയതിനാല്‍ കെട്ടിടം നിര്‍മിക്കാനായി ലഭിച്ച സ്ഥലത്ത് മണ്ണിട്ട് നികത്താനുള്ള അനുമതിക്ക് ചില രാഷ്ട്രീയ ഇടപെടല്‍മൂലം തടസ്സമായി. ഇതോടെ പ്രവൃത്തി മുടങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതോടെ കുരുന്നുമക്കള്‍ കുടുസു മുറികള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ട അവസ്ഥയുമായി. കുരുന്നുകള്‍ക്ക് ഈ ദുരവസ്ഥയില്‍ നിന്നും മോചനം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളാന്‍ ബന്ധപ്പെട്ട അധികാരികള്‍ കണ്ണു തുറക്കാന്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."