നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്: സമയക്രമീകരണവും കോച്ചുകളുടെ കുറവും താല്‍ക്കാലികമെന്ന് സൂചന
നിലമ്പൂര്‍: കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസിന്റെ സമയം വെട്ടിച്ചുരുക്കിയതും കോച്ചുകളുടെ എണ്ണം 13 ആക്കിയതും താല്‍ക്കാലിക നടപടിയെന്നു സൂചന. തിരുവനന്തപുരം-ഷൊര്‍ണൂര്‍ റൂട്ടില്‍ രാത്രി ലൈന്‍ അറ്റകുറ്റപ്പണികളുള്ളതിനാല്‍ ബ്ലോക്കില്‍ കുടുങ്ങി ഷൊര്‍ണൂരില്‍ രാവിലെ വൈകി എത്താതിരിക്കാനാണ് രാജ്യറാണിയുടെയും അമൃതയുടെയും സമയം ക്രമീകരിച്ചതെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം.
വാണിയമ്പലം സ്റ്റേഷനില്‍ പുതിയ പ്ലാറ്റ്‌ഫോം നിര്‍മാണം പൂര്‍ത്തിയായാല്‍ കോച്ചുകളുടെ എണ്ണം കൂട്ടാനും സാധ്യതയുണ്ട്. അതേസമയം, കൊച്ചുവേളി വരെയാക്കിയതു തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. കൊച്ചുവേളിയില്‍നിന്നു തിരുവനന്തപുരം സെന്‍ട്രലിലെത്താന്‍ ബസിനു പോകുകയേ നിര്‍വാഹമുള്ളൂ. രാജ്യറാണി എത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് കൊച്ചുവേളിയില്‍നിന്നു തിരുവനന്തപുരത്തേക്കു ട്രെയിനുള്ളത്. ബസിനാണെങ്കില്‍ 20 മിനിറ്റുകൊണ്ട് എത്തിപ്പെടാം. നിലമ്പൂരില്‍നിന്നു രാത്രി 8.50ന് പുറപ്പെടുന്ന രാജ്യറാണി ഷൊര്‍ണൂരില്‍ 10.10ന് എത്തും. എറണാകുളം ടൗണില്‍ 12.40നും കോട്ടയത്ത് 1.40നും എത്തും. കൊച്ചുവേളിയില്‍ പുലര്‍ച്ചെ ആറിനാണ് എത്തുക.
കൊച്ചുവേളിയില്‍നിന്നു നിലമ്പൂരിലേക്ക് രാത്രി 8.50നാണ് മടങ്ങുക. ഷൊര്‍ണൂര്‍ ജങ്ഷനില്‍ 5.30നെത്തും.
നിലമ്പൂരില്‍ രാവിലെ 7.50ഓടെ എത്തിച്ചേരുന്ന തരത്തിലാണ് സമയ ക്രമീകരണം. പി.വി അബ്ദുല്‍ വഹാബ് എംപിയും നിലമ്പൂര്‍-മൈസൂരു റെയില്‍വേ ആക്ഷന്‍ കൗണ്‍സിലും നിരന്തരമായി ഇടപെട്ടതിന്റെ ഫലമാണ് രാജ്യറാണി സ്വതന്ത്രമാകുന്നത്. തിരുവനന്തപുരത്തു രാജ്യറാണിക്ക് നിര്‍ത്തിയിടാന്‍ പ്ലാറ്റ്‌ഫോമില്ലെന്ന കാരണത്താലാണ് കൊച്ചുവേളി വരെയാക്കിയിരിക്കുന്നത്. രാജ്യറാണി എക്‌സ്പ്രസ് നാഗര്‍കോവില്‍വരെ നീട്ടണമെന്ന ആവശ്യവും റെയില്‍വേ ആക്ഷന്‍ കൗണസില്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
16 കോച്ചുകള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും വാണിയമ്പലം ക്രോസിങ് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ അഭാവം മൂലം മൂന്നു കോച്ചുകള്‍ വെട്ടിച്ചുരുക്കി 13 കോച്ചുകളാക്കിയാണ് രാജ്യറാണി കൊച്ചുവേളിയിലേക്കു പോകുക.
2011 നവംബര്‍ 16നാണ് നിലമ്പൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് ട്രെയിന്‍ അനുവദിച്ചത്. ഷൊര്‍ണൂരില്‍നിന്ന് അമൃത എക്‌സ്പ്രസുമായി ഘടിപ്പിച്ചാണ് രാജ്യറാണിയുടെ ഓട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."