മലയോര മേഖലയില്‍ വന്യമൃഗ ശല്യം; കര്‍ഷകര്‍ ദുരിതത്തില്‍
സ്വന്തം ലേഖകന്‍
കൊല്ലം: മഴയൊന്ന് അടങ്ങിയപ്പോള്‍ മലയോര മേഖലയെ പ്രതിസന്ധിയിലാക്കി വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കെത്തി. ഇതോടെ കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി.
പുനലൂര്‍, ആര്യങ്കാവ് വന മേഖലകളില്‍ പുലി ശല്യവും രൂക്ഷമാണ്. ആര്യങ്കാവ് റെയില്‍വേ പുറമ്പോക്ക് നിവാസി രാജപ്പന്റെ ആടിനെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു. രാത്രി ആടിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ രാജപ്പന്‍ പുലിയെ കണ്ട് വീടിനുള്ളിലേക്ക് കയറി. വീട്ടുകാരുടെ നിലവിളി കേട്ട അയല്‍വാസികള്‍ വലിയ ശബ്ദം ഉണ്ടാക്കി പുലിയെ തുരത്തുകയായിരുന്നു.
മൂന്ന് ദിവസം മുമ്പ് ആര്യങ്കാവ് പഞ്ചായത്തിലെ ആനച്ചാടിയില്‍ ഇറങ്ങിയ പുലി തോട്ടംതൊഴിലാളിയായ രാമുവിന്റെ പശുവിനെ കടിച്ച് കൊന്നു. വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ പുലി എത്തിയത് വീട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ ഭയന്ന് വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ പുലി കടിച്ചുകൊന്ന ശേഷം സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഫ്‌ളോറന്‍സില്‍ രാജേന്ദ്രന്‍ എന്ന തൊഴിലാളിയുടെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് പശുക്കിടാക്കളെയും പുലി കടിച്ചുകൊന്നു. കാലവര്‍ഷം ശക്തി കുറഞ്ഞതോടെ ആശ്വാസത്തിലായ കിഴക്കന്‍ മലയോരമേഖല പുലിശല്യം വീണ്ടും കെടുതിയലാക്കുകയാണ്.
രണ്ടുവര്‍ഷത്തിനിടെ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളില്‍ 80ല്‍ അധികം വളര്‍ത്തുമൃഗങ്ങളെയാണ് പുലി കൊന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷം കുറവന്‍താവളത്ത് ഇറങ്ങിയ കാട്ടാനയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിയായ തുളസീധരന്‍ മരിച്ചിരുന്നു. രണ്ട് പഞ്ചായത്തുകളിലെയും വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പട്ടാപ്പകലും പുലി ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടിയ സംഭവങ്ങളുണ്ട്. ഉറുകുന്ന്, ഒറ്റക്കല്‍, തെന്മല, ഫ്‌ളോറന്‍സ്, മുരുകന്‍പാഞ്ചാല്‍, ചേനഗിരി, ആനച്ചാടി, വേഞ്ച്വര്‍, ഇരുപത്തിയേഴ്മല, മാമ്പഴത്തറ തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഇറങ്ങിയ പുലി വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി കൊന്നിരുന്നു.
തോട്ടംതൊഴിലാളികള്‍ പകല്‍ പോലും വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. റബര്‍ ടാപ്പിങ്ങിന് പുറമെ പശുക്കളെ വളര്‍ത്തിയാണ് ഭൂരിപക്ഷം തൊഴിലാളികളും കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ പുലിയുടെ ശല്യം വര്‍ധിച്ചതോടെ മിക്ക തൊഴിലാളികളും ക്ഷീരകൃഷികളില്‍ നിന്നും പിന്തിരിയാന്‍ തുടങ്ങി. വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശങ്ങളില്‍ സൗരോര്‍ജ വൈദ്യുതി വേലി സ്ഥാപിക്കാത്തതുമൂലമാണ് വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത്.
പത്തനാപുരം, പിറവന്തൂര്‍, കലഞ്ഞൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലെ വനമേഖലകളിലാണ് മഴക്കെടുതിക്കൊപ്പം കാട്ടാനകളുടെ ശല്യം ദിനം പ്രതി വര്‍ധിക്കുകയാണ്. വാഴ, തെങ്ങ്, കവുങ്ങ്, റബര്‍ തുടങ്ങിയവ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി നശിപ്പിച്ചു. കടം വാങ്ങിയും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന മലയോര കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്.
പാടം വൃന്ദാവനത്തില്‍ തുളസി, കിഴക്കേ പാറുവേലില്‍ വിക്രമന്‍, താഴേത്തോട്ടത്തില്‍ രാജു, ഷാജി, അര്‍ജുനന്‍ പിള്ള, രതീഷ്, രവി എന്നിവരുടെ കാര്‍ഷികവിളകള്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചു. മഴ തുടങ്ങിയതോടെ കാടിറങ്ങി ജനവാസമേഖലയില്‍ എത്തുന്ന വന്യമൃഗങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വനത്തോടുചേര്‍ന്ന ജനവാസമേഖലകളില്‍ സൗരോര്‍ജ വേലികളും കിടങ്ങുകളും നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇനിയും യാഥാര്‍ഥ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."