ബിനാമി ബിസിനസ് വർധിക്കുന്നതായി സഊദി വാണിജ്യ മന്ത്രാലയം
ജിദ്ദ: രാജ്യത്ത് ബിനാമി ബിസിനസ് വർധിക്കുന്നതായി സഊദി വാണിജ്യ, നിക്ഷേപ മന്ത്രാലയം. കഴിഞ്ഞ വർഷം 53 ശതമാനം വർധനവാണുണ്ടായതെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. 2019ൽ രണ്ടായിരത്തോളം ബിനാമി ബിസിനസ് സ്ഥാപനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി പബ്ലിക് പ്രോസിക്യൂഷൻ മുന്നോട്ടുപോകുകയാണ്.
1,835 കേസുകളാണ് കഴിഞ്ഞ വര്‍ഷം ബിനാമി ബിസിനസ് കേസുകളായി മന്ത്രാലയം കണ്ടെത്തിയത്. 2018നെ അപേക്ഷിച്ച് 53 ശതമാനം വർധനവാണിത്. കോൺട്രാക്ടിങ്, ചില്ലറ വ്യാപാര മേഖലകളിലാണ് ഏറ്റവും കൂടുതൽ ബിനാമി സ്ഥാപനങ്ങൾ. ഇവക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. വ്യാജ ഓഫറുകള്‍ പ്രഖ്യാപിച്ചതുള്‍പ്പെടെ വാണിജ്യരംഗത്തെ വഞ്ചനയ്ക്ക് 1,300 ലേറെ കേസുകളിൽ നടപടി സ്വീകരിച്ചു.
പ്രാദേശിക വിപണിയിൽ വ്യാജ ഉൽപന്നങ്ങൾ എത്തുന്നതും വിൽപന നടത്തുന്നതും തടയാൻ വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളുടെ സഹായം തേടി. ഇത്തരം ഉൽപന്നങ്ങളെയും ഇവ വിൽക്കുന്ന സ്ഥാപനങ്ങളെയും കുറിച്ച് ഉപഭോക്താക്കൾ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് 10 ലക്ഷം റിയാൽ വരെയാണ് നിലവിലെ ബിനാമി ബിസിനസ് വിരുദ്ധ നിയമപ്രകാരം പിഴ ചുമത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."