നാല് ലക്ഷം പേര്‍ കള്ളവണ്ടി കയറിയപ്പോള്‍ റെയില്‍വേയുടെ പോക്കറ്റില്‍ വീണത് 16 കോടി !
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കള്ളവണ്ടി കയറിയവരുടെ കണക്കുകള്‍ പുറത്ത് വിട്ട് ദക്ഷിണ റെയില്‍വേ. 2019ല്‍ ടിക്കറ്റില്ലാതെ യാത്രചെയ്തതിന് പിടിയിലായത് 4,02,760 പേരാണ്. ഇവരില്‍ നിന്ന് 16,33,80,509 രൂപ പിഴ ഈടാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
റെയില്‍വേ സംരക്ഷണ സേനയുടെ (ആര്‍.പി.എഫ്) കഴിഞ്ഞ വര്‍ഷത്തെ പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ടാണ് ദക്ഷിണ റെയില്‍വേ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം വിവിധ സ്റ്റേഷനുകളില്‍ 10 യാത്രക്കാരെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ മരണമുഖത്ത് നിന്ന് രക്ഷപ്പെടുത്തി.
2019ല്‍ റെയില്‍വേ നിയമം ലംഘിച്ച 95,674 പേരെ വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് 3,11,20,325 രൂപ പിഴയീടാക്കുകയും ചെയ്തു. ടിക്കറ്റുകള്‍ അനധികൃതമായി വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന് 336 പേര്‍ അറസ്റ്റിലായി. 4,77,000 രൂപയാണ് ഇവര്‍ പിഴയടച്ചത്. റെയില്‍വേ പരിസരത്ത് അതിക്രമിച്ച് കടന്നതിന് 11,247 പേരെ പിടികൂടി 36,67,350 രൂപ പിഴ ചുമത്തി. അനധികൃതമായി ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത 1,786 പേര്‍ 4,60,950 രൂപ പിഴയടച്ചു. ട്രെയിനുകളില്‍ പുകവലിച്ചതിന് 1,742 പേര്‍ക്ക് 1,79,450 രൂപ പിഴ ചുമത്തി. അനാവശ്യമായി ചങ്ങലവലിച്ചതിന് പിടിയിലായത് 1,810 പേരാണ്. 9,40,450 രൂപ പിഴയിനത്തില്‍ ഇവരില്‍ നിന്ന് ഈടാക്കി.
അപകടകരമായ വസ്തുക്കള്‍, പടക്കം എന്നിവ ട്രെയിനുകളില്‍ കൊണ്ടുവന്നതിന് 28 പേര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചു. 4,73,21,671 രൂപ വിലമതിക്കുന്ന 14.30386 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തതായും സതേണ്‍ റയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."