മുന്നോക്ക വിഭാഗത്തിന് സംവരണം: വാര്‍ഷിക വരുമാനം നാല് ലക്ഷം കവിയരുത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ തുടര്‍ച്ചയായി 26 മാനദണ്ഡങ്ങളും വ്യവസ്ഥകളും പുറത്തിറക്കി.
സംസ്ഥാന സര്‍വിസിലും സംസ്ഥാനത്തിനു ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലുമാണ് സംവരണം നടപ്പാക്കുക. ന്യൂനപക്ഷ പദവി ഇല്ലാത്തതും മറ്റു പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതുമായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഉണ്ടാകും.
ഓരോ ഭരണവകുപ്പും അവര്‍ക്കുകീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണം ഉറപ്പാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കും. പ്രോസ്‌പെക്ടസിലും അപേക്ഷാഫോമിലും അതിനുള്ള വ്യവസ്ഥകള്‍ ചേര്‍ക്കുന്നുണ്ടെന്ന് വകുപ്പുകള്‍ ഉറപ്പുവരുത്തണം. നിലവില്‍ സംവരണമില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷത്തില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണത്തിന് അര്‍ഹതയുണ്ടാകും. അപേക്ഷകര്‍ക്ക് ഗ്രാമപഞ്ചായത്തില്‍ രണ്ടര ഏക്കറിലധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പറേഷനില്‍ 50 സെന്റിലധികവും കുടുംബ സ്വത്ത് ഉണ്ടാകാന്‍ പാടില്ല.
ഗ്രാമപഞ്ചായത്തിലും നഗരസഭാ പ്രദേശത്തും ഭൂമിയുണ്ടെങ്കില്‍ ആകെ വിസ്തൃതി 2.5 ഏക്കര്‍ കവിയരുത്. മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലുമാണ് ഭൂസ്വത്തെങ്കില്‍ പരമാവധി വിസ്തൃതി 75 സെന്റ്. മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്റില്‍ അധികംവരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോര്‍പറേഷന്‍ പ്രദേശത്ത് 15 സെന്റിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണ പരിധിയില്‍ പെടില്ല.
ഒന്നിലധികം ഹൗസ് പ്ലോട്ട് കുടുംബത്തിനുണ്ടെങ്കില്‍ അവയെല്ലാം കൂട്ടിച്ചേര്‍ത്തായിരിക്കും വിസ്തൃതി കണക്കാക്കുക. മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കില്‍ ആകെ വിസ്തൃതി 20 സെന്റില്‍ കവിയരുത്. അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് മറ്റു മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ സാമ്പത്തിക സംവരണം ലഭിക്കും.
റേഷന്‍ കാര്‍ഡില്‍ പേരുണ്ടെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വ്യാജമായി സാമ്പത്തിക സംവരണം നേടിയാല്‍ നിയമനവും വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനവും റദ്ദാക്കുകയും ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്യും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ പുനഃപരിശോധിക്കും. കുടുംബത്തിന്റെ നിര്‍വചനത്തില്‍ അപേക്ഷകരുടെ പങ്കാളി, മാതാപിതാക്കള്‍, 18 വയസില്‍ താഴെയുള്ള സഹോദരങ്ങള്‍, കുടുംബത്തെ ആശ്രയിച്ചുകഴിയുന്ന 18 വയസിനു മുകളിലുള്ളവര്‍ എന്നിവരും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."