രാജാവിനെയോ കിരീടാവകാശിയെയോ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ
നിസാര്‍ കലയത്ത്
ജിദ്ദ: സഊദി ഭരണാധികാരിയേയോ കിരീടാവകാശിയേയോ നീതി നടപ്പാക്കുന്ന വിഷയങ്ങളിലും മതപരമായ കാര്യങ്ങളിലും മോശമായി ചിത്രീകരിച്ചാല്‍ സഊദി മന്ത്രി സഭ അംഗീകരിച്ച പുതിയ നിയമാവലി പ്രകാരം അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
ഭീകരാക്രമണങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, ആണവ പദാര്‍ഥങ്ങള്‍, രാസപദാര്‍ഥങ്ങള്‍, ജൈവപദാര്‍ഥങ്ങള്‍, വികിരണമുള്ള പദാര്‍ഥങ്ങള്‍, വിഷപദാര്‍ഥങ്ങള്‍, വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ പരിശീലനം നേടല്‍, പരിശീലനം നല്‍കല്‍, നിര്‍മിക്കല്‍, സംയോജിപ്പിക്കല്‍, വികസിപ്പിക്കല്‍, കൈവശം വെക്കല്‍, കടത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കും വ്യാജ രേഖകള്‍ നിര്‍മിക്കുന്നവര്‍ക്കും മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും യുദ്ധ, പോരാട്ട, ആയോധനകലാ പരിശീലനം നേടുന്നവര്‍ക്കും പത്തു മുതല്‍ ഇരുപതു വര്‍ഷം തടവാണ് നിയമാവലി അനുശാസിക്കുന്നത്.
ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും ആണവ പദാര്‍ഥങ്ങളും രാസപദാര്‍ഥങ്ങളും ജൈവ, വികരണ, വിഷ പദാര്‍ഥങ്ങളും എത്തിച്ചു നല്‍കുന്നവര്‍ക്ക് പത്തു വര്‍ഷം മുതല്‍ മുപ്പതു വര്‍ഷം വരെ തടവാണ് ലഭിക്കുക. ഭീകര സംഘടനകള്‍ക്കും ഭീകരര്‍ക്കും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ക്കും ഒറിജിനല്‍ രേഖകളും വ്യാജ രേഖകളും കൈമാറുന്നവര്‍ക്കും ഇതേ ശിക്ഷയാണ് ലഭിക്കുക.
ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും വാര്‍ത്താ വിനിമയ ഉപകരണങ്ങളും ജീവിതോപാധികളും താമസവും അഭയവും ചികിത്സയും യാത്രാ സൗകര്യവും യോഗം ചേരുന്നതിനുള്ള സ്ഥലവും നല്‍കുന്നവര്‍ക്കും മറ്റു സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്കും പത്തു മുതല്‍ ഇരുപതു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."