ആധാര്‍ അധിഷ്ഠിത ഏകീകൃത തണ്ടപ്പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആധാര്‍ അധിഷ്ഠിത ഏകീകൃത തണ്ടപ്പേര്‍ നിലവില്‍ വരുന്നതോടെ ഭൂപരിധി ലംഘിക്കുന്നവര്‍ കുടുങ്ങും.
ഭൂമി രജിസ്‌ട്രേഷന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ഒരാളുടെ പേരില്‍ സംസ്ഥാനത്ത് എവിടെയൊക്കെ ഭൂമിയുണ്ടെന്നു പെട്ടെന്ന് മനസിലാക്കാനാകും. ഭൂപരിധിയായ 15 ഏക്കറിലധികം ഭൂമി ആരൊക്കെ കൈവശം വച്ചിട്ടുണ്ടെന്നും അറിയാനാകും.
റജിസ്‌ട്രേഷന്‍ വകുപ്പിന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഭൂമി ഇടപാടുകള്‍ മുഴുവന്‍ ഒന്നിച്ചു ശേഖരിക്കാം. ആദായനികുതി വകുപ്പിനും വിജിലന്‍സിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും ഒരാളുടെ സമ്പാദ്യം കണ്ടെത്തുക എളുപ്പമാകും. ആള്‍മാറാട്ടങ്ങളും തിരിച്ചറിയാം. ഇതോടെ ബിനാമി ഇടപാടുകാരും പരിധി ലംഘിച്ചു ഭൂമി വാങ്ങിക്കൂട്ടുന്നവരും കുടുങ്ങും.
ഓരോ പൗരനും സംസ്ഥാനം മുഴുവന്‍ ബാധകമാകുന്ന രീതിയില്‍ ആധാര്‍ അധിഷ്ഠിത ഏകീകൃത തണ്ടപ്പേര്‍ നടപ്പാക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരാള്‍ക്കു കേരളത്തില്‍ എത്ര ഏക്കര്‍ ഭൂമിയുണ്ടെന്ന് ഒറ്റ ക്ലിക്കില്‍ അറിയാനാവുന്ന സംവിധാനമാണ് റവന്യൂ വകുപ്പ് ഒരുക്കുന്നത്.
ഇതിനായി 'റലിസ്' സോഫ്റ്റ്‌വെയര്‍ (റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) പരിഷ്‌കരിച്ച് വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. ഭൂമി വാങ്ങുന്നവര്‍ പോക്കുവരവ് ചെയ്യുന്ന സമയത്ത് ഭൂമിയുടെ രേഖകളും ആധാറും തമ്മില്‍ ബന്ധിപ്പിക്കും.
ഇതുനടപ്പാക്കിയാല്‍ ഭൂനികുതി അടയ്ക്കുന്ന സമയത്ത് ഭൂരേഖകളെല്ലാം ആധാറുമായി ബന്ധിപ്പിക്കേണ്ടിവരും.
നിലവില്‍ ഒരാളുടെ ഉടമസ്ഥതയില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഭൂമിക്കു പല തണ്ടപ്പേരുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരാളുടെ പേരില്‍ എവിടെയൊക്കെ ഭൂമിയുണ്ടെന്നു കണ്ടെത്തുക ദുഷ്‌കരമാണ്.
പുതിയ സംവിധാനം വരുന്നതോടെ ഒരു തണ്ടപ്പേരേ ഉണ്ടാകൂ. അയാള്‍ക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും ആ തണ്ടപ്പേരിനു കീഴിലാകും. പുതുതായി വാങ്ങുന്ന ഭൂമിയും ആ തണ്ടപ്പേരിനു കീഴില്‍ ഉള്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."