12 ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോര്‍പറേഷന്‍ തലത്തില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി കോര്‍പറേഷനിലെ 12 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കും.
ഇതിനായി ഓരോ സ്‌കൂളിനും പത്ത് ലക്ഷം രൂപ വീതം വീതം വകയിരുത്തും. ഹൈസ്‌കൂളില്‍ അന്‍പതും ഹയര്‍സെക്കന്‍ഡറിയില്‍ 60പേരേയും ഉള്‍ക്കൊള്ളുന്ന ക്ലാസ്‌റൂമുകളാണ് നിര്‍മിക്കുക.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. കോര്‍പ്പറേഷന്‍ നിലവില്‍ പല സ്‌കളുകള്‍ക്കും ഉപകരണങ്ങള്‍ നല്കിയിട്ടുണ്ടെങ്കിലും അവവേണ്ട വിധം പ്രയോജനപ്പെടുത്താന്‍ സംവിധാനം ഇല്ലാത്തതിനാല്‍ അധ്യാപര്‍ക്ക് കൂടി പരിശീലനം ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായി മേഖലാ ശാസ്ത്രകേന്ദ്രം, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും.
എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ്ടു തുടങ്ങിയ പരീക്ഷകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ മുന്‍പന്തിയിലെത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ നഗരത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പിറകില്‍ എയ്ഡഡും അവയുടെ പിറകില്‍ സര്‍ക്കാര്‍ സ്‌കൂളുകളുമാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്തുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പ്രാദേശിക ബഹുജന പങ്കാളിത്തം, അധ്യാപക രക്ഷാകര്‍തൃസമിതി എന്നിവയുടെ സഹായത്തോടെ കോര്‍പറേഷന്‍ എല്ലാ സ്‌കൂളുകള്‍ക്കും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
പാഠ്യപദ്ധതി ബോധന സമ്പ്രദായം മെച്ചപ്പെടുത്തുന്നതിന് സഹായകരമായ തരത്തില്‍ അധ്യാപക പരിശീലനം ശക്തിപ്പെടുത്താന്‍ ഡയറ്റിന്റെ നേതൃത്വത്തിലുള്ള സംവിധാനത്തിന് പിന്തുണ നല്കും. അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ കോര്‍പറേഷന്‍ തലത്തില്‍ അധ്യാപക ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടും.
കലാകായിക വിദ്യാഭ്യാസം ശക്തിപ്പെടുത്തും. വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിക്കാന്‍ നേവിയുടെ സഹായം തേടും. ഒരു സ്‌കൂളില്‍ ഏതെങ്കിലും ഒരു ഇന്‍ഡോര്‍ ഗെയിം നിര്‍ബന്ധമായി പരിശീലിപ്പിക്കണം.
സമഗ്രവിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിഹാര ബോധനം അധ്യാപകപരിശീലനം പ്ലാനറ്റോറിയം സന്ദര്‍ശനം എന്നിവയുടെ ഭാഗമായി 15 ലക്ഷം രൂപയും വിജയോത്സവത്തിന് പത്ത് ലക്ഷം രൂപയും സമഗ്രകായിക പരിശീലന പദ്ധതിക്ക് 20ലക്ഷം, സ്‌കൂള്‍തല കലാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായത്തിന് 10ലക്ഷം, ഹയര്‍സെക്കന്‍ഡറിക്ക് ക്ലാസ് മുറി നിര്‍മിക്കുന്നതിന് 50ലക്ഷം, ക്ലാസ് മുറി നിര്‍മാണത്തിന് 80ലക്ഷം, ലാബ് ലൈബ്രറി നവീകരണത്തിന് പത്ത് ലക്ഷം, അയല്‍സഭയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്താന്‍ അഞ്ചു ലക്ഷം, സ്‌കൂളുകളില്‍ കൃഷിവകുപ്പുമായി സഹകരിച്ച് ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ അഞ്ച് ലക്ഷം, പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വെന്റിങ് മെഷീന്‍ സ്ഥാപിക്കാന്‍- 30 ലക്ഷം, സ്‌കൂളുകളില്‍ വാട്ടര്‍പ്യൂരിഫയര്‍ സ്ഥാപിക്കാന്‍ 10ലക്ഷം, സാക്ഷരതാ പരിപാടിക്ക് 10ലക്ഷം, സ്‌കൂള്‍ ഗ്രൗണ്ടുകളുടെ നവീകരണത്തിന് 30 ലക്ഷം, എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
നഗരസഭ 2016-17 വര്‍ഷത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ചും അവയുടെ നടത്തിപ്പിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും ഹയര്‍സെക്കന്‍ഡറി,വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍മാരുടേയും യോഗത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. യോഗം വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."