ധൂര്‍ത്തിന്റെ കൂത്തരങ്ങായി രണ്ടാം ലോക കേരളസഭ
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ മൂന്ന് വരെ തിരുവനന്തപുരത്ത് നടത്തിയ രണ്ടാം ലോക കേരള സഭ വന്‍ ധൂര്‍ത്തായിരുന്നുവെന്ന് കണക്കുകള്‍. പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനും മാത്രമായി ഒരു കോടിയോളം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് ധൂര്‍ത്തിന്റെ മാമാങ്കമാക്കി ലോക കേരളസഭയെ മാറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കണക്കുകള്‍.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കിയതിന് മാത്രം 60 ലക്ഷം രൂപയുടെ ബില്ലാണ് നല്‍കിയിരിക്കുന്നത്. ലോക കേരളസഭയില്‍ നിന്ന് പ്രതിപക്ഷ അനുകൂല സംഘടനകളുടെ പ്രതിനിധികള്‍ വിട്ടുനിന്നതിനാല്‍ പങ്കാളിത്വം ഭാഗികമായിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചവരുടെയും താമസിച്ചവരുടെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ, ലോക്‌സഭ അംഗങ്ങള്‍ക്ക് പുറമേ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്. ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബര്‍ 20ന് ചേര്‍ന്ന ഉന്നതാധികാര സമിതി തീരുമാനിച്ചത്. എന്നാല്‍, അവര്‍ അസൗകര്യം അറിയിച്ചതോടെ അവസാനിമിഷം കോവളം രാവിസ് ഹോട്ടലിനെ ഭക്ഷണ വിതരണ ചുമതല ഏല്‍പിച്ചു. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28ന് വിലയിരുത്തി.
തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയാറാക്കി. ഇതനുസരിച്ച് 59,82,600 രൂപ ഭക്ഷണ ബില്ലായി അംഗീകരിച്ചിരിക്കുന്നത്. പ്രാതല്‍ കഴിച്ചവരുടെ എണ്ണം 400 ഉം ഉച്ചഭക്ഷണം കഴിച്ചവരുടെ എണ്ണം 700 ഉം അത്താഴം കഴിച്ചവര്‍ 600 പേരുമാണ്. ഉച്ചഭക്ഷണത്തിന് ഒരാള്‍ക്ക് 1900 രൂപയും നികുതിയുമാണ് ചുമത്തിയിരിക്കുന്നത്. അത്താഴത്തിന് 1700 രൂപയും നികുതിയുമാണ് ചെലവഴിച്ചിരിക്കുന്നത്.
പ്രതിനിധികള്‍ക്ക് ജനുവരി ഒന്നുമുതല്‍ മൂന്ന് വരെ താമസ സൗകര്യമൊരുക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഗസ്റ്റ്ഹൗസിനും റസ്റ്റ് ഹൗസിനും പുറമേ നഗരത്തിലെ ഏഴ് ഹോട്ടലുകളിലാണ് താമസസൗകര്യം ഒരുക്കിയത്. എന്നാല്‍ ചില പ്രതിനിധികള്‍ നേരത്തെ വന്നതുകൊണ്ടും ചിലര്‍ വൈകി പോയതുകൊണ്ടും ഇത് ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെയായി പുനഃക്രമീകരിച്ചു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും റസ്റ്റ് ഹൗസിലുമായി ആകെ 17 മുറികള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ചെലവ് 24,723 രൂപ മാത്രമാണ്. എന്നാല്‍ ഏഴ് പഞ്ചനക്ഷത്രഹോട്ടലുകളിലായി 295 മുറികളാണ് എടുത്തിരുന്നത്. താമസബില്ലിന് മാത്രം 23,42,725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷചെലവായി 4,56,324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്. ലോക കേരള സഭാ സമ്മേളനം ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ലോക കേരള സഭയ്ക്കായി സംസ്ഥാന ബജറ്റില്‍ ഇത്തവണയും 12 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."