വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കാന്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കാന്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നു വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൈദ്യുതമേഖലയില്‍ തുടരുന്ന ആലസ്യം വെടിയണമെന്നും പട്ടത്ത് കെ.എസ്.ഇ.ബി ആസ്ഥാനത്തു ജീവനക്കാര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ചു സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഉല്‍പാദന, പ്രസരണ, വിതരണ രംഗങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ അവ തരണംചെയ്തു മാത്രമേ മുന്നോട്ടുപോകാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ഇ.ബിയുടെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാാടനവും മുദ്രാഗാനത്തിന്റെ പ്രകാശനവും വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 'പുതിയവാനം പുതിയഭൂമി ഉണരുമൂര്‍ജ്ജം ഹൃദയതാളം...' എന്നുതുടങ്ങുന്ന മുദ്രാഗാനം രചിച്ചത് റഫീക് അഹമ്മദാണ്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി കോഴിക്കോട് ഐ.ടി വിഭാഗം ജീവനക്കാരാണ് വെബ്‌സൈറ്റ് വികസിപ്പിച്ചത്. മൊബൈല്‍ ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ വെബ്‌സൈറ്റിന്റെ രൂപകല്‍പന. ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പുതിയ വെബ്‌സൈറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വൈദ്യുതിബില്‍ ഓണ്‍ലൈനില്‍ കാണുന്നതിനും അത് നെറ്റ്ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി അടയ്ക്കുന്നതിനും കഴിയും.
ഉപഭോക്താക്കള്‍ വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെടുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ചോദ്യോത്തരരൂപത്തില്‍ നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ വിവിധ ഓഫിസുകളില്‍ നിന്ന് ടെന്‍ഡര്‍ അടക്കമുള്ള വിവരങ്ങള്‍ പുതിയ വെബ്‌സൈറ്റിലേയ്ക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന രൂപത്തിലാണ് പുതിയ വെബ്‌സൈറ്റിന്റെ രൂപകല്‍പന. സൈബര്‍ ലോകത്ത് നിന്നുള്ള ആക്രമണങ്ങളെ തടയാന്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ പുതിയ വെബ്‌സൈറ്റിന് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."