ഓപ്പറേഷന്‍ കുബേര പുതിയ രൂപത്തില്‍ വരുന്നു
തിരുവനന്തപുരം: ബ്ലേഡ് മാഫിയയ്‌ക്കെതിരേ ശക്തമായ നടപടിയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുകയും പിന്നീടു നിര്‍ജീവമാകുകയും ചെയ്ത ഓപ്പറേഷന്‍ കുബേര പുതിയ രൂപത്തില്‍ തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഓപ്പറേഷന്‍ കുബേരയെ തുടര്‍ന്ന് തലതാഴ്ത്തിയിരുന്ന ബ്ലേഡ് മാഫിയ സംഘങ്ങള്‍ വീണ്ടും സജീവമായിത്തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് അതിനെതിരായി ശക്തമായ നടപടിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2014ല്‍ തിരുവന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ ആത്മഹത്യ ചെയ്ത സംഭവമുണ്ടായതിനെ തുടര്‍ന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്‍കൈയെടുത്ത് ഓപ്പറേഷന്‍ കുബേരയ്ക്കു തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡുകളില്‍ ബ്ലേഡ് മാഫിയ പലരില്‍ നിന്നായി വാങ്ങിവച്ച ചെക്കുകളും മുദ്രപത്രങ്ങളും പ്രോമിസറി നോട്ടുകളും വസ്തുവിന്റെ പ്രമാണങ്ങളുമൊക്കെ പിടിച്ചെടുത്തിരുന്നു. ഓപ്പറേഷന്‍ കുബേര പദ്ധതിയില്‍ മൊത്തം 14,155 റെയ്ഡുകളാണ് നടന്നത്. 3,235 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,132 പ്രതികളെ അറസ്റ്റ് ചെയ്തു. 4.66 കോടിയിലധികം രൂപ പിടിച്ചെടുക്കുകയുമുണ്ടായി.
ഓപ്പറേഷന്‍ കുബേര തുടക്കത്തില്‍ ഏറെ ജനശ്രദ്ധ നേടിയെങ്കിലും പിന്നീട് അതിനെതിരേ നിരവധി ആരോപണങ്ങളുമുയര്‍ന്നു. ചെറുകിട ബ്ലേഡ് ഇടപാടുകാര്‍ പലരും വലയിലായപ്പോള്‍ വന്‍കിടക്കാര്‍ രക്ഷപ്പെട്ടു എന്നതായിരുന്നു പ്രധാന വിമര്‍ശനം. ബ്ലേഡ് ഇടപാടുകാരില്‍ ചില പൊലിസ് ഉദ്യോഗസ്ഥരുമുള്ളതായി കണ്ടെത്തിയതോടെ ഓപ്പറേഷന്‍ സംശയത്തിന്റെ നിഴലിലായി.
ഭരണപക്ഷവുമായി ബന്ധമുള്ള ചില ബ്ലേഡ് പലിശക്കാരെ തൊടാന്‍ മടിക്കുന്നു എന്നും ആരോപണമുയര്‍ന്നു. ഓപ്പറേഷനെതിരേ ഹൈക്കോടതിയുടെ പരാമര്‍ശം പോലുമുണ്ടായി. ഇതിന്റെയൊക്കെ ഫലമായി ഓപ്പറേഷന്‍ ക്രമേണ നിര്‍ജീവമാകുകയായിരുന്നു.
ഓപ്പറേഷന്‍ കുബേരയുടെ വീര്യം കുറഞ്ഞതോടെ ബ്ലേഡ് മാഫിയ പൂര്‍വാധികം ശക്തിയോടെ തലപൊക്കുന്ന സാഹചര്യമുണ്ടായി. ബ്ലേഡ് മാഫിയയുടെ പീഡന വാര്‍ത്തകള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലെ ഒരു കുടുംബത്തെ ബ്ലേഡ് മാഫിയ സംഘം വീട്ടില്‍ കയറി ആക്രമിച്ച് ഇറക്കിവിടാന്‍ ശ്രമിച്ച സംഭവം വിവാദമായിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. ഇത്തരം സാഹചര്യം സംസ്ഥാനത്തു നിലനില്‍ക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ബ്ലേഡ് മാഫിയയ്‌ക്കെതിരായ പുതിയ നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
പുതിയ പേരിലായിരിക്കും ഓപ്പറേഷന്‍ ആരംഭിക്കുക. ഓപ്പറേഷന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള പ്രാഥമിക ആലോചന ഉടന്‍ തന്നെ നടക്കും. അധികം വൈകാതെ അന്തിമരൂപമുണ്ടാക്കും. ഇത്തരം ഓപ്പറേഷനുകള്‍ ആരംഭിക്കുമ്പോള്‍ മാഫിയാ സംഘങ്ങള്‍ പത്തിതാഴ്ത്തുകയും അതിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും തലപൊക്കുകയും ചെയ്യുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഓപ്പറേഷനാണ് പരിഗണണയിലുള്ളതെന്ന് അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."