വെടിയുണ്ട കാണാതായ സംഭവം: അന്വേഷണത്തിന് 15 ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം, നേതൃത്വം ഐ.ജി ശ്രീജിത്തിന്
തിരുവനന്തപുരം: സംസ്ഥാന പൊലിസിലെ വെടിയുണ്ട കാണാതായ സംഭവത്തില്‍ സര്‍ക്കാര്‍ മൗനം വെടിയുന്നു. ഇതുവരെ പ്രതിരോധത്തിലാകുമ്പോഴും നിസാരവത്കരിക്കുകയായിരുന്നു സര്‍ക്കാരും പൊലിസും. എന്നാല്‍ സംഭവത്തില്‍ പ്രത്യേക സംഘത്തെതന്നെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുകയാണിപ്പോള്‍.
ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 15 ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തില്‍ ഉള്‍പെടുന്നത്. 22 വര്‍ഷത്തെ ഏഴ് ഘട്ടമായി തിരിച്ചാണ് അന്വേഷണം നടത്തുന്നത്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ എസ്.എ.പി ക്യാംപിലെത്തി തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വെടിയുണ്ട കാണാതായ സംഭവം ഗൗരവമുള്ളതായതിനാല്‍ അത് അന്വേഷിക്കാനുള്ള ചുമതല ഐ.ജി ശ്രീജിത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.
പൊലീസിന്റെ 25 തോക്കുകള്‍ കാണാനില്ലെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തിയത്. നേരത്തേ നടത്തിയ പരിശോധനയിലും തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മണിപ്പൂരിലുള്ള തോക്കുകള്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയൂം വാട്‌സ്ആപ് സംവിധാനത്തിലൂടെയും എ.ഡി.ജി.പി പരിശോധിച്ചു.
വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടുപോയ തോക്കുകള്‍ പരിശോധനക്കായി തിങ്കളാഴ്ച പുലര്‍ച്ച എസ്.എ.പി ആസ്ഥാനത്ത് എത്തിച്ചിരുന്നു. എല്ലാം എസ്.എ.പിയിലെ തോക്ക് തന്നെയെന്ന് സ്ഥിരീകരിച്ചാണ് സംഘം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."