നീലേശ്വരം നഗരത്തിനു വികസന കുതിപ്പേകും
നീലേശ്വരം ദേശീയപാത- കച്ചേരിക്കടവ്-ടൗണ്‍ ബൈപാസ് റോഡ് വികസനത്തിനു ബജറ്റില്‍ തുക നീക്കിവച്ചു
നീലേശ്വരം: സംസ്ഥാന ബജറ്റില്‍ നീലേശ്വരം നഗരസഭയുടെ വികസനത്തിനു കുതിപ്പേകുന്ന പദ്ധതികള്‍. നീലേശ്വരം ദേശീയപാത-കച്ചേരിക്കടവ്-ടൗണ്‍ ബൈപാസ് റോഡ് വികസനത്തിനു ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്. കച്ചേരിക്കടവില്‍ പാലവും നിര്‍മിക്കും. രാജാറോഡ് വികസനത്തിനും ബജറ്റില്‍ തുകയുണ്ട്. ഇതു മൂന്നിനും കൂടി 40 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. നഗരസഭയിലെ ഒന്ന്, 31 വാര്‍ഡുകളെ ബന്ധിപ്പിച്ചാണ് പുതിയ ബൈപാസ് റോഡും പാലവും നിര്‍മിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഇവിടെ റോഡു പാലം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ റോഡും പാലവും യാഥാര്‍ഥ്യമാകുന്നതോടെ ബസാര്‍ മുതല്‍ മാര്‍ക്കറ്റ് ജങ്ഷന് വരെയുള്ള ഗതാഗത കുരുക്കൊഴിവാക്കാന്‍ കഴിയും. ഈ പദ്ധതി നടപ്പാക്കണമെന്നു കാണിച്ച് നഗരസഭാ കൗണ്‍സില്‍ യോഗം പ്രമേയവും പാസാക്കിയിരുന്നു.
രാജാറോഡ് വികസനം കൂടി സാധ്യമാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. ഇതിന്റെ ഭാഗമായുള്ള സാധ്യതാ സര്‍വേ ഇതിനകം തന്നെ പൂര്‍ത്തിയായി.
സംസ്ഥാനത്ത് പുതുതായി അനുവദിച്ച നഗരസഭകള്‍ക്കു കെട്ടിടം നിര്‍മിക്കുന്നതിനും ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതോടെ നീലേശ്വരം നഗരസഭയ്ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ കാര്യാലയമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."