ബന്ദിപ്പൂര്‍ രാത്രിയാത്രാ വിലക്ക് ബദല്‍പാത വേണ്ടെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്രാ നിരോധന വിഷയത്തില്‍ ബദല്‍പാതയെ തള്ളി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ബദല്‍ പാത അംഗീകരിക്കാനാവില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടിയാണ് ബദല്‍ പാത കടന്നുപോകുന്നത്. ബന്ദിപ്പൂര്‍ വനത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം നീക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത 766 ജില്ലയുടെ അതിജീവന പാതയാണ്. ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്ക്, കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ല, ഗുണ്ടല്‍പേട്ട് താലൂക്ക് എന്നിവയുമായി ഈ പാത അതിരുപങ്കിടുന്നില്ല.
സുല്‍ത്താന്‍ ബത്തേരിയില്‍നിന്നു ഗുണ്ടല്‍പേട്ടില്‍ എത്താന്‍ ഈ വഴി 55 കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ മതി.
എന്നാല്‍ നിര്‍ദ്ദിഷ്ട ബദല്‍പാത വഴിയാണങ്കില്‍ 250 കിലോമീറ്റര്‍ അധികം സഞ്ചരിക്കണം. നിര്‍ദ്ദിഷ്ട പാത വികസിപ്പിക്കുമ്പോള്‍ 250 ഹെക്ടറോളം ഇടതൂര്‍ന്ന സ്വാഭാവിക വനം നശിപ്പിക്കേണ്ടിവരും. ദേശീയപാത 766ല്‍ ഉണ്ടാകുന്ന വന്യമൃഗ അപകടങ്ങളേക്കാള്‍ കൂടുതലാണ് നിര്‍ദ്ദിഷ്ട പാതയിലുണ്ടാകാവുന്ന അപകടങ്ങളെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കര്‍ണാടകയിലെ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെട്ട ഗ്രൂപ്പാണ് ബദല്‍പാതയ്ക്ക് ശുപാര്‍ശ ചെയ്തത്. സുപ്രിംകോടതിയുടെ ഉത്തരവു പ്രകാരം രൂപീകരിച്ച ഉദ്യോഗസ്ഥ സംഘത്തില്‍ കേരളത്തില്‍നിന്നുള്ള ഒരാളെപ്പോലും ഉള്‍പ്പെടുത്തിയില്ല. രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലെ കടുവാ സങ്കേതത്തിലൂടെ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ എലിവേറ്റഡ് പാതകള്‍ നിര്‍മിച്ചിട്ടുണ്ട്. അതിനാല്‍ നാറ്റ്പാക് നിര്‍ദേശിച്ച ആകാശ പാത നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കണം. കടുവാ സംരക്ഷണത്തിന് ഒരു പ്രദേശത്തു മാത്രം നിരോധനം ഏര്‍പ്പെടുത്തുന്നത് ഉചിതമല്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാര്‍ച്ച് അവസാനവാരത്തിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."