വീണപൂക്കള്‍ക്ക് വിട, ട്രക്ക് ഡ്രൈവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തു
തിരുപ്പൂര്‍: അവിനാശിയിലുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രിയപ്പെട്ടവര്‍ ഇന്നുവിട നല്‍കും. 19 പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച കണ്ടക്ടര്‍ വി.ആര്‍ ബൈജുവിന്റെ മൃതദേഹം എറണാകുളത്തെത്തിച്ച് ബസ് സ്റ്റാന്‍ഡില്‍ ബൈജുവിന് ആദരാഞ്ജലി അര്‍പ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകര്‍ക്ക് കാണാനായി അല്പനേരം പൊതുദര്‍ശനത്തിനുവെച്ചു. ഇപ്പോഴും മരണവാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല നാടും നാട്ടുകാരും. ബന്ധുക്കളെ ആശ്വസിപ്പിക്കാനാകാതെ വിശമിക്കുകയാണ് നാട്ടുകാരും പ്രിയപ്പെട്ടവരും.
കെ.എസ്ആര്‍ടിസി കണ്ടക്ടര്‍ വി.ആര്‍ ബൈജുവിന്റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഡ്രൈവര്‍ വി.ഡി ഗിരീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ 12 മണിയോടെ പെരുമ്പാവൂര്‍ ഒക്കലിലിലെ എസ്.എന്‍.ഡി.പി ശ്മശാനത്തിലാണ് നടക്കുക. ബെംഗളൂരു ഐ.ടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്‌കാര ചടങ്ങുകളും ഇന്ന് രാവിലെ നടക്കും.
തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് മാത്രം ആറ് പേരാണ് അപകടത്തില്‍ മരിച്ചത്.
ആശ്വാസ വാക്കുകളുമായി ജില്ലാ ഭരണകൂടം എല്ലാ വീടുകളിലും എത്തി. നസീഫിന്റെ മൃതദേഹം പുലര്‍ച്ചയോടെ സംസ്‌കരിച്ചു. ഒല്ലൂര്‍ സ്വദേശി ഇഗ്‌നിയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. ഇഗ്‌നിയുടെ ഭാര്യ ബിന്‍സി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
അപകടത്തില്‍ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോള്‍, തൃശൂര്‍ അരിമ്പൂര്‍ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും വീട്ടില്‍ എത്തിച്ചിട്ടുണ്ട്. 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവറെ ഇന്നലെതന്നെ കേസെടുത്തു അറസ്റ്റ് ചെയ്തിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഹേമരാജിനെ ഈറോഡ് പൊലിസ് ചോദ്യം ചെയ്യുകയാണ്.
ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും, ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഹേമരാജ് പൊലിസിന് മൊഴി നല്‍കിയത്.
ലോറിയുടെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത് എന്ന വാദം മോട്ടോര്‍വാഹന വകുപ്പ് തള്ളി. ആറ് മാസം മാത്രം പഴക്കമുള്ള ലോറിയാണ് ഇത്. ട്രക്കിന്റെ ടയറും അധികം പഴക്കമുള്ളതല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. അതോടെ യാത്രക്കിടെ പൊട്ടാനുള്ള സാധ്യതയില്ല എന്ന നിഗമനത്തിലാണ് മോട്ടോര്‍വാഹന വകുപ്പ്.
തിരുപ്പൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. 20 പേര്‍ക്ക് പരുക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ദുരന്തത്തില്‍പ്പെട്ടത്. കണ്ടെയ്നര്‍ ലോറി ഡ്രൈവറായ ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ പൊലിസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് ടൈല്‍സുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. ഡിവൈഡറില്‍ കയറി എതിര്‍വശത്തുകൂടി വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."