മുന്‍ മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് തുടര്‍ന്നത് 14 മണിക്കൂര്‍, രേഖകള്‍ പിടിച്ചെടുത്തു, ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കും, ഒന്നും കണ്ടെത്തിയിട്ടില്ലെന്നും രാഷ്ട്രീയ പ്രേരിതമാണ് റെയ്ഡെന്നും ശിവകുമാര്‍
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് തുടര്‍ന്നത് 14 മണിക്കൂര്‍. എം.എല്‍.എയുടെ ശാസ്തമംഗലത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം രാവിലെ എട്ടരമണിക്കാണ് റെയ്ഡ് തുടങ്ങിയത്. രാത്രി പത്തരയോടെയാണ് പരിശോധന അവസാനിച്ചത്. നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. രേഖകള്‍ വിശദമായ പരിശോധിച്ച ശേഷം തിങ്കളാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം അറസ്റ്റിനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.
പ്രതികളിലൊരാളായ ഹരികുമാര്‍ വഞ്ചിയൂരില്‍ വാങ്ങിയ അഞ്ചു സെന്റ് വീട്, ശാന്തി വിള എം.രാജേന്ദ്രന് ബേക്കറി ജംഗ്ഷനില്‍ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനായി ശിവകുമാറിന് വിജിലന്‍സ് നോട്ടിസ് നല്‍കും. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്.പി.വി.എസ്.അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേ സമയം റെയ്ഡ് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും റെയ്ഡില്‍ അനധികൃതമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും വി.എസ്. ശിവകുമാര്‍ എം.എല്‍.എ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തന്നെ തേജോവധം ചെയ്യുകമാത്രമാണ് റെയ്ഡിന്റെ പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
ആരോഗ്യം, ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരില്‍ ശിവകുമാര്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയില്‍ ഉള്ള ഡ്രൈവര്‍ ഷൈജു ഹരന്, എന്‍എസ് ഹരികുമാര്‍, എംഎസ് രാജേന്ദ്രന് എന്നിവരുടെ വീടുകളിലും സംഘം പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."