തിരിച്ചടിക്കൊരുങ്ങി ഇന്ത്യ
ബംഗളൂരു: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിതമായ നാണംകെട്ട തോല്‍വിയുടെ ആഘാതം മറക്കാനും വിജയത്തോടെ പരമ്പരയിലേക്ക് തിരിച്ചെത്താനുമൊരുങ്ങി ഇന്ത്യ ഇന്നു മുതല്‍ ആസ്‌ത്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നു മുതല്‍ എട്ടു വരെയാണു പോരാട്ടം.
നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 1-0ത്തിനു മുന്നില്‍ നില്‍ക്കുന്നു. 16 വര്‍ഷങ്ങള്‍ക്കു മുന്‍പാണു ഇന്ത്യ ഇത്തരത്തില്‍ ആദ്യ ടെസ്റ്റ് തോറ്റു രണ്ടാം ടെസ്റ്റില്‍ സമ്മര്‍ദ്ദത്തോടെ ഇറങ്ങുന്നത്. 2001ല്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനാണു ഓസീസിനെതിരേ തന്നെ ഇത്തരത്തില്‍ ഇറങ്ങേണ്ടി വന്നത്.
ടെസ്റ്റ് റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്ന ടീമുകളാണു ഇന്ത്യയും ആസ്‌ത്രേലിയയും. തോല്‍വിയറിയാതെ 19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെത്തിയ ഇന്ത്യയെ ഒന്നാം ടെസ്റ്റില്‍ നിലംതൊടാനനുവദിക്കാതെ ഓള്‍റൗണ്ട് മികവില്‍ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര ലീഡുയര്‍ത്തുകയെന്ന ലക്ഷ്യത്തിലാണു ഓസീസ്. ആദ്യ ടെസ്റ്റിനൊരുക്കിയ പൂനെയിലെ പിച്ചില്‍ അഞ്ചു ദിവസത്തെ മത്സരം വെറും മൂന്നു ദിവസം കൊണ്ടു അവസാനിച്ചതും ഇന്ത്യയുടെ വന്‍ തോല്‍വിയും വിവാദങ്ങള്‍ക്കു വഴിവച്ച സാഹചര്യത്തില്‍ ബംഗളൂരുവിലെ പിച്ചിനെക്കുറിച്ചാണു ഇപ്പോള്‍ ഇരു ടീമുകളും ആകാംക്ഷയോടെ നോക്കുന്നത്.
പൂനെയിലെ പിച്ചിനെ അപേക്ഷിച്ചു ബംഗളൂരുവിലെ പിച്ച് ബാറ്റിങിനു കൂടുതല്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു ഇരു പക്ഷവും. അതേസമയം സ്പിന്നര്‍മാര്‍ക്കു മികച്ച ടേണ്‍ ലഭിക്കാനും സാധ്യതയുണ്ട്.
ആദ്യ ടെസ്റ്റിലെ തകര്‍ച്ച മറന്നു ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലാണു ക്രിക്കറ്റ് പ്രേമികള്‍. ആദ്യ ടെസ്റ്റില്‍ കളിച്ച ഇലവനെ തന്നെ ഇരു ടീമുകളും ഇറക്കിയേക്കും. കരുണ്‍ നായര്‍ക്കു ഇത്തവണയും അവസരം ലഭിച്ചേക്കില്ല. അജിന്‍ക്യ രഹാനെയെ മാറ്റി കരുണിനെ കളിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ലെന്നു കോച്ച് അനില്‍ കുംബ്ലെ അസന്നിഗ്ധമായ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഓസീസ് ആദ്യ ടെസ്റ്റില്‍ കളിച്ച ടീമിനെ തന്നെ നിനിര്‍ത്തുമെന്നുറപ്പായിട്ടുണ്ട്.
ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒരു നാഴികക്കല്ലിനരികിലാണ്. ടെസ്റ്റില്‍ 5000 റണ്‍സിലെത്താന്‍ സ്മിത്തിനു 112 റണ്‍സ് കൂടി മതി. ഇന്നു തുടങ്ങുന്ന പോരാട്ടത്തില്‍ സ്മിത്തിനു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഏറ്റവും വേഗതയില്‍ ടെസ്റ്റില്‍ 5000 റണ്‍സെടുക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമായി അദ്ദേഹം മാറും. ഡോണ്‍ ബ്രാഡ്മാന്‍, ജാക്ക് ഹോബ്ബ്‌സ് എന്നിവരാണ് ആദ്യ രണ്ടു സ്ഥാനത്തുള്ളത്. ഗാരി സോബേഴ്‌സ്, സുനില്‍ ഗവാസ്‌കര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്, മാത്യു ഹെയ്ഡന്‍ എന്നിവരാണു പിന്നീടുള്ള സ്ഥാനങ്ങളില്‍.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേരത്തെ ഇന്ത്യ ആസ്‌ത്രേലിയയെ കീഴടക്കിയിട്ടുള്ളത് ഒറ്റ തവണയാണ്. ആസ്‌ത്രേലിയയാകട്ടെ രണ്ടു തവണ ഇവിടെ ഇന്ത്യക്കെതിരേ വിജയം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ടീം: ഇന്ത്യ- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.
ആസ്‌ത്രേലിയ- സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മാറ്റ് റെന്‍ഷോ, ഷോണ്‍ മാര്‍ഷ്, പീറ്റന്‍ ഹാന്‍ഡ്‌കോംപ്, മിച്ചല്‍ മാര്‍ഷ്, മാത്യു വെയ്ഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒകീഫ്, നതാന്‍ ലിയോണ്‍, ജോസ് ഹാസ്‌ലെവുഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."