പൗരനെ ഭരണകൂടം വേട്ടയാടുന്ന വിധം
ഇന്ത്യയുടെ മൂന്ന് അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്‍കി, അവര്‍ക്ക് പൗരത്വം നല്‍കി ആദരിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഭരിക്കുന്ന നാട്ടില്‍, സ്വന്തം പൗരന് നേരെ ഭരണ കൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന പീഡന പരമ്പരകള്‍ ആരെയും നടുക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശിയായ ഡോ. കഫീല്‍ ഖാന്‍ എന്ന ശിശുരോഗ വിദഗ്ധനാണ് ആര്‍ദ്രതയുള്ള ഹൃദയവും അല്‍പ്പം സേവന തല്‍പ്പരതയും ഒപ്പം മുഖം നോക്കാതെ സത്യം തുറന്നു പറയുന്ന പ്രകൃതവും സ്വന്തമായതിന്റെ പേരില്‍ ഭരണകൂടത്തിന്റെ അപ്രീതിക്കും തുടര്‍ന്ന് തീര്‍ത്താല്‍ തീരാത്ത പകയും വൈരാഗ്യവും പ്രതികാരദാഹവും സൃഷ്ടിച്ച പരീക്ഷണ പരമ്പരകള്‍ക്കും വിധേയനാകേണ്ടിവരുന്നത്. 2017ല്‍ ഗൊരഖ്പൂര്‍ ബാബാ രാഘവദാസ് മെഡിക്കല്‍ കോളജിലുണ്ടായ(ബി.ആര്‍.ഡി) കൂട്ട ശിശു മരണത്തെ തുടര്‍ന്നാണ് യു.പി ഭരിക്കുന്ന യോഗി ആദിത്യനാഥിന്റെ പ്രതികാരത്തിന്റെ ഇരയായി ദുരിതങ്ങളുടെ തീച്ചൂളകളിലൂടെ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്നത്. എം.ബി.ബി.എസും ശിശു രോഗ ചികിത്സയില്‍ എം.ഡിയും നേടിയ കഫീല്‍ ഖാന് 2016 ഓഗസ്റ്റ് എട്ടിനാണ് ജന്മദേശമായ ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ലക്ചററായും എന്‍സഫൈലിറ്റിസ് വാര്‍ഡില്‍ നോഡല്‍ ഓഫിസറായും നിയമനം ലഭിക്കുന്നത്.
എന്നാല്‍ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിയുന്നത് 2017 ഓഗസ്റ്റ് പത്തോടെയാണ്. അന്നാണ് അവിടെ ഓക്‌സിജന്റെ അപര്യാപ്തത മൂലം ശരിയായ ചികിത്സ ലഭിക്കാതെ 60ല്‍ പരം കുട്ടികള്‍ മരണപ്പെടുന്നത്. ഈ ദുരന്തം സംഭവിച്ചത് യഥാസമയം ഓക്‌സിജന്‍ സിലണ്ടറുകള്‍ ആശുപത്രിയില്‍ ലഭ്യമാക്കാത്തതിനാലാണെന്നും അത് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് ഭീമമായ തുക പഴയ കുടിശ്ശികയായുള്ളത് കൊടുത്തു തീര്‍ക്കാത്തത് കൊണ്ടാണെന്നും പൊതുവേ സംസാരമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് നിഷേധിക്കുകയായിരുന്നു. പക്ഷെ, കാര്യങ്ങളെല്ലാം നേരില്‍ അനുഭവിച്ച കഫീല്‍ ഖാന്റെ ഭാഗത്ത് നിന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്ന വിധത്തിലാണ് വിശദീകരണമുണ്ടായത്. അതോടെ അദ്ദേഹം മുഖ്യമന്ത്രി യോഗിയുടെ നോട്ടപ്പുള്ളിയായി മാറി. ഓഗസ്റ്റ് 13 ഓടെ കഫീല്‍ ഖാനെയും ചില സഹപ്രവര്‍ത്തകരെയും ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
യോഗി ആശുപത്രി സന്ദര്‍ശിച്ച് പോയതോടെ വിഷയത്തിന് പുതിയ മാനം നല്‍കപ്പെടുകയായിരുന്നു. കഫീലിന് ലഭിച്ച ഹീറോ പദവി ദഹിക്കാത്തവരും സര്‍ക്കാറിന്റെ ശിങ്കിടികളുമെല്ലാം കൂടി സംഭവത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ചു. ഡോ. കഫീല്‍ ഖാനും മറ്റു ചില ഉദ്യോഗസ്ഥരും കാണിച്ച അനാസ്ഥയും കൃത്യവിലോപവും കൊണ്ടാണ് കുട്ടികള്‍ മരിക്കാന്‍ ഇടയായതെന്ന രീതിയില്‍ അവര്‍ തട്ടിക്കൂട്ടിയ സമിതി റിപ്പോര്‍ട്ട് നല്‍കി. അതോടെ കഫീലിനും ചില സഹപ്രവര്‍ത്തകര്‍ക്കും എതിരേ പൊലിസില്‍ പരാതി ലഭിച്ചു. എഫ്.ഐ.ആര്‍ തയാറായി. സെപ്റ്റംബര്‍ രണ്ടോടെ അദ്ദേഹത്തെ ജാമ്യം പോലും ലഭിക്കാത്ത കടുത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു. അങ്ങനെ ഒമ്പത് മാസത്തോളം ജയിലില്‍ കഴിഞ്ഞു. തുടര്‍ന്നു 2018 ജൂലൈയിലാണ് അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്.
ശേഷം കോടതിയില്‍ നടത്തിയ നിയമ പോരാട്ടം വിജയം കണ്ടു. അതേവര്‍ഷം സെപ്റ്റംബറില്‍ കഫീല്‍ ഖാനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് വ്യക്തമാക്കി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അതിനിടയില്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പഠിച്ചിരുന്ന കാലത്തെ ഏതോ സാമ്പത്തിക ഇടപാടിന്റെ രേഖകളില്‍ കൃത്രിമം കാട്ടിയെന്ന ഒരു പരാതി തപ്പിയെടുത്ത് വീണ്ടും ഖാനെ അറസ്റ്റ് ചെയ്തു. അതിലും ആഴ്ചകളോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ പുറത്ത് വന്നു.
എന്നാല്‍ ഭരണകൂട വേട്ടയില്‍ തളരാതെ ആതുര ശുശ്രൂഷയും സാമൂഹിക സേവനവുമായി മുന്നോട്ടു പോകുന്ന കഫീല്‍ ഖാനോട് ഇനിയും യോഗിയുടെ കലിയടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഏറ്റവും ഒടുവില്‍ ഉണ്ടായത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ഒരു പൊതു പരിപാടിയില്‍ സി.എ.എക്കെതിരേ പ്രസംഗിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ കേസ് ഫയല്‍ ചെയ്തു. ജനുവരിയില്‍ പൗരത്വ വിഷയത്തില്‍ മുംബൈയില്‍ സംഘടിപ്പിച്ച മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനായി മുംബൈ എയര്‍പോര്‍ട്ടിലിറങ്ങിയ അദ്ദേഹത്തെ യു.പി പൊലിസിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തു. പിന്നീട് അലിഗഡ് സി.ജെ.എം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയെങ്കിലും ജയിലില്‍ നിന്ന് പുറത്തിറങ്ങും മുമ്പേ ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) ഉപയോഗിച്ചു അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലിലാക്കിയിരിക്കയാണ്.
ഡോ. കഫീല്‍ഖാനെതിരേ എന്‍.എസ്.എ ചുമത്തിയ നടപടിയില്‍ ശക്തമായ പ്രതികരണങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നത്. പ്രിയങ്ക ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു അടക്കമുള്ള നിയമ വിദഗ്ധരും ഇതിന്റെ സാധുതയും സാംഗത്യവും ചോദ്യം ചെയ്തിട്ടുണ്ട്. കഫീലിനെയും കുടുംബത്തേയും യോഗി സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം അലിഗഡില്‍ ചെയ്ത പ്രസംഗത്തില്‍ രാജ്യദ്രോഹപരമായി ഒന്നുമില്ലെന്നും ജസ്റ്റിസ് കട്ജു ചൂണ്ടിക്കാട്ടുന്നു. 'കഫീല്‍ഖാന്റെ ആ പ്രസംഗം യൂ ട്യൂബില്‍ ലഭ്യമാണ്. ഞാനാ പ്രസംഗം ശ്രദ്ധയോടെ കേട്ടു. പക്ഷെ, ഇവര്‍ ആരോപിക്കുന്നത് പോലെ മതസ്പര്‍ദ്ധയുണ്ടാക്കുന്നതോ രാജ്യദ്രോഹപരമോ ആയ പരാമര്‍ശമൊന്നും അതില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ നടപടി തികച്ചും വിവേചനപരമാണ്' - കട്ജു വ്യക്തമാക്കിയതായി 'ദി വയര്‍ ' അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉദ്ധരിക്കുന്നു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇന്ത്യയില്‍ നടക്കുന്നു. അതിലൊക്കെ ശക്തമായ ഭാഷയില്‍ നിയമത്തെ അപലപിക്കുന്ന പ്രസംഗങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഡോ. കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം മാത്രം എന്‍.എസ്.എ പ്രകാരമുള്ള കരുതല്‍ തടവ് ക്ഷണിച്ചു വരുത്തുന്നതെങ്ങനെ? ഭരണവും അന്വേഷണ ഏജന്‍സികളുടെ നിയന്ത്രണവും കൈയിലുണ്ടെന്ന് കരുതി തങ്ങള്‍ക്ക് അനഭിമതരായവര്‍ക്കെതിരേ തോന്നും പടി ഇത്തരം നിയമ ദണ്ഡുകള്‍ എടുത്തു പ്രയോഗിക്കാന്‍ ഇവര്‍ക്ക് അധികാരം നല്‍കിയതാരാണ്? യോഗിയും മോദി - ഷാമാരും എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതരും അവര്‍ക്കെതിരേ മിണ്ടിപ്പോകുന്നത് മഹാപരാധവുമായി മാറുന്നത് ഏത് ജനാധിപത്യ മര്യാദയുടെ ഭാഗമാണ്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."