വരള്‍ച്ച: ജില്ലയില്‍ ജലവിതരണത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കൊല്ലം: വേനല്‍ കടുത്തതോടെ വിവിധ പദ്ധതികളുടെ ജലസ്രോതസുകള്‍ ക്രമാതീതമായി വറ്റിവരളുന്നതു മൂലം കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കേരളാ വാട്ടര്‍ അതോറിറ്റി പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ അറിയിച്ചു.
ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് സമുദ്രനിരപ്പില്‍ നിന്നും 1.52 മീറ്റര്‍ താഴ്ന്നു. ഇവിടെ നിന്നുള്ള പമ്പിങ് ഭാഗികമായി നിലച്ച അവസ്ഥയിലാണ്. നിലവില്‍ കെ.ഐ.പി കനാല്‍ വഴിയുള്ള ജലവിതരണ സംവിധാനത്തില്‍ നിന്നും വെള്ളം ഉപയോഗിച്ചാണ് ജലവിതരണം നടത്തുന്നത്. കെ.ഐ.പി കനാലില്‍ നിന്നും പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് കൊല്ലം കോര്‍പ്പറേഷന്‍, നീണ്ടകര, ചവറ, പന്‍മന, തേവലക്കര, തെക്കുംഭാഗം, ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, ശൂരനാട് സൗത്ത് പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നത്. ഇത് പ്രതിദിനം ആവശ്യമായിവരുന്ന വെള്ളത്തിന്റെ വളരെ കുറഞ്ഞ അളവ് മാത്രമാണ്.
കനാല്‍ വെള്ളത്തിനു നിയന്ത്രണമോ നിറുത്തുലോ ഉണ്ടായാല്‍ നിലവിലെ കുടിവെള്ളവിതരണവും മുടങ്ങുന്ന അവസ്ഥയുണ്ടാവും. കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയില്‍ വരുന്ന ഓച്ചിറ കുടിവെള്ളപദ്ധതിയുടെ സ്രോതസ് ആയ അച്ചന്‍കോവില്‍ ആറ്റില്‍ ഉപ്പിന്റെ അംശം ഉണ്ടെങ്കിലും ജലവിതരണം മുടങ്ങാതെ നടത്തുന്നുണ്ട്. ഉപ്പിന്റെ അളവ് അനുവദിനീയമായ പരിധിക്കു മുകളില്‍ വരികയാണെങ്കില്‍ പമ്പിങ് നിര്‍ത്തേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. ജില്ലയിലെ മീനാടിനും 16 അനുബന്ധ വില്ലേജുകള്‍ക്കും കൂടിയുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതി, കുണ്ടറ പദ്ധതി, പത്തനാപുരം, പട്ടാഴി എന്നീ പദ്ധതികളുടെ സ്രോതസ് കല്ലടയാറാണ്.
കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളം ഉപയോഗിച്ചാണ് ഈ പദ്ധതികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഡാമിലെ ജലനിരപ്പ് നിലവില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വളരെ താഴ്ന്ന അവസ്ഥയിലാണ്. നിലവില്‍ പൂര്‍ണതോതിലാണ് പ്രവര്‍ത്തിച്ചുവരുന്ന ഈ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനം. ഇത് ഡാമില്‍ നിന്നും വിതരണം ചെയ്യുന്ന വെള്ളത്തെ ആശ്രയിച്ചാകും.
ജില്ലയില്‍ സമഗ്രകുടിവെള്ള പദ്ധതികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ 300 ഓളം കുഴല്‍കിണറുകള്‍ വഴിയാണ് കുടിവെള്ളവിതരണം നടത്തുന്നത്. ഭൂജലവകുപ്പിന്റെ കണക്കുപ്രകാരം ഭൂഗര്‍ഭജലനിരപ്പ് ശരാശരി 2.5 മുതല്‍ 3 മീറ്റര്‍ വരെ താഴ്ന്നിട്ടുണ്ട്. ഇതുമൂലം കൂടുതല്‍ സമയം പമ്പിങ്ങ് നടത്താന്‍ സാധിക്കുന്നില്ല. ഗാര്‍ഹിക കിണറുകള്‍ വറ്റിപ്പോയതിനാല്‍ ജനങ്ങള്‍ കൂടുതലും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഉപയോഗം കൂടിയതിനാല്‍ ഉയര്‍ന്ന ഭാഗങ്ങളിലും വിതരണശൃംഖലയുടെ അവസാനഭാഗങ്ങളിലും കുടിവെള്ളം വിതരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
കുടിവെള്ള വിതരണത്തിലെ ജലചൂഷണം വ്യാപകമാണ്. വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പുകളില്‍ നിന്നുള്ള ജലമുപയോഗിച്ച് വാഹനങ്ങള്‍ കഴുകുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും ചെടി നയ്ക്കുന്നതും ഹോസ് ഉപയോഗിച്ച് കുടിവെള്ളം കിണറ്റില്‍ ഇറക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്ടര്‍ അതോറിറ്റി നിയമ നടപടികള്‍ സ്വീകരിക്കും. കടുത്ത ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജലഉപയോഗം പരമാവധി കുറച്ച് ജലഅതോറിറ്റിയുമായി സഹകരികണമെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."