ചെങ്കടലിന്റെ മുഖച്ഛായ മാറ്റാന്‍ വന്‍ പദ്ധതിയുമായി 'റെഡ് സീ ഡെവലപ്‌മെന്റ്' കമ്പനി
#നിസാര്‍ കലയത്ത്
ജിദ്ദ: വിഷന്‍ 2030 ഭാഗമായി സഊദിയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ വന്‍ ചെങ്കടല്‍ പദ്ധതി വരുന്നു. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒന്നര വര്‍ഷം മുമ്പ് സഊദി കിരീടാവകാശി ചെങ്കടല്‍ പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ട നിര്‍മാണ ജോലികള്‍ നാല് വര്‍ഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കും.
ചെങ്കടലിന്റെ പടിഞ്ഞാറന്‍ തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകള്‍, മദാഇന്‍ സ്വാലിഹ് ഉള്‍പ്പെടുന്ന പൈതൃക സ്ഥലങ്ങള്‍, പര്‍വത നിരകള്‍, കടല്‍ തീരം മുതലായവ ഉള്‍പ്പെടുത്തിയാണ് പദ്ധതി. ആദ്യഘട്ട നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കും. 2022 ഓടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവും.
അഞ്ച് ദ്വീപുകളിലായി 3,000 റൂമുകളോടെ 14 ആഡംബര ഹോട്ടലുകള്‍, മരുഭൂപ്രദേശത്തും പര്‍വത നിരകളിലുമായി 2 അത്യാധുനിക റിസോര്‍ട്ടുകള്‍, പ്രത്യേക വിമാനത്താവളം, ഉല്ലാസ ബോട്ടുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയായിരിക്കും ഇത് നടപ്പാക്കുക.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ 'റെഡ് സീ ഡെവലപ്‌മെന്റ്' കമ്പനിക്കാണ് നിര്‍മാണ ചുമതല. 28,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ചെങ്കടല്‍ പദ്ധതി. 70,000 തൊഴില്‍ അവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെ തന്നെ ഇവിടേക്ക് പ്രവേശനമുണ്ടാകും. ഒരു വര്‍ഷത്തില്‍ 10 ലക്ഷം വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുമെന്നാണ് കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."