രഹസ്യ വിവാഹം; രക്ഷിതാക്കള്‍ യുവതിയെ കൊന്ന് കനാലില്‍ തള്ളി
ന്യൂഡല്‍ഹി: രഹസ്യമായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹിയിലാണ് ശീതള്‍ ചൗധരി എന്ന 25കാരിയെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്ന് 80 കിലോമീറ്ററോളം അകലെ അലിഗഡിലെ ജവാന്‍ നഗറിലാണ് ബന്ധുക്കള്‍ മൃതദേഹം ഉപേക്ഷിച്ചത്.
ശീതള്‍ ചൗധരിയും സ്വസമുദായക്കാരനായ കാമുകന്‍ അങ്കിത് ഭാട്ടിയും 2019 ഒക്ടോബറില്‍ ഡല്‍ഹിയിലെ ഒരു ആര്യസമാജ ക്ഷേത്രത്തില്‍വെച്ച് രഹസ്യമായി വിവാഹിതരായിരുന്നു. മൂന്നുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാല്‍ കഴിഞ്ഞ ജനുവരി വരെ ശീതള്‍ വിവാഹക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു.
ജനുവരി 20നാണ് ശീതള്‍ താന്‍ വിവാഹിതയായ കാര്യം മാതാപിതാക്കളെ അറിയിച്ചത്. അങ്കിത് ഭാട്ടിയുമായുള്ള ബന്ധം അംഗീകരിക്കാതിരുന്ന മാതാപിതാക്കള്‍ ഇക്കാര്യത്തെ ചൊല്ലി യുവതിയുമായി വഴക്കിട്ടു. ഇതിനു പിന്നാലെ ജനുവരി 29ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളായ രവീന്ദര്‍ ചൗധരി, സുമന്‍, അമ്മാവന്‍ സഞ്ജയ്, മറ്റു ബന്ധുക്കളായ ഓംപ്രകാശ്, പര്‍വേശ്, അങ്കിത് എന്നിവരെ ന്യൂ അശോക് നഗര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
ജനുവരി 29ന് രാത്രി ശീതളിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കാറില്‍ അലിഗഡിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രതികള്‍ പോലിസിന് മൊഴി നല്‍കി. മറ്റൊരു കാറില്‍ ബന്ധുക്കളും അനുഗമിച്ചു. ജവാന്‍നഗറിലെത്തിയപ്പോള്‍ മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു.
പിന്നീട് ശീതളിനെ കാണാനില്ലെന്ന് അങ്കിത് ഭാട്ടി പൊലിസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറത്തായത്. തുടര്‍ന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും വിശദമായി ചോദ്യംചെയ്തു. ഇതില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം, യുവതിയുടെ മൃതദേഹം ജനുവരി 30ന് തന്നെ അലിഗഡ് പൊലിസ് കനാലില്‍നിന്ന് കണ്ടെടുത്തിരുന്നു. അജ്ഞാത മൃതദേഹമെന്നനിലയില്‍ ഫെബ്രുവരി രണ്ടു വരെ ഇത് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. ആരും തേടി വരാതിരുന്നതിനാല്‍ ഫെബ്രുവരി രണ്ടിന് മൃതദേഹം സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."