ജലക്ഷാമം; ബൃഹത് പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ
വടക്കാഞ്ചേരി: അതിരൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ബൃഹത് പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ രംഗത്ത്.
41 ഡിവിഷനിലും വികേന്ദ്രീകൃത ശുദ്ധജല വിതരണ പദ്ധതിക്കു രൂപം നല്‍കും. ഇതിനു മുന്നോടിയായി നാളെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം നടക്കും.
ഡിവിഷനുകളില്‍ 123 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നതിന് കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. വിവിധ പദ്ധതികള്‍ക്കായി 182 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നതിനും നടപടി കൈകൊള്ളും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ ഉടന്‍ ആരംഭിക്കും. ഇതിന് 16 കോടി രൂപയുടെ അംഗീകാരം ലഭിച്ചു.
സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും കുറ്റമറ്റ രീതിയില്‍ പുരോഗമിക്കുകയാണ്.
2800 അപേക്ഷകര്‍ക്കായി വിവിധ മേഖലകളില്‍ യോഗം ചേരുകയും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തതായും ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അറിയിച്ചു.
പ്രതിപക്ഷം നഗരസഭയ്‌ക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ശിവപ്രിയ പറഞ്ഞു.
നഗരസഭാ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമ നാരായണന്‍, എന്‍.കെ പ്രമോദ്കുമാര്‍, ടി.എന്‍ ലളിത, ലൈലാ നസീര്‍, ജയ പ്രീത മോഹന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."