ആനമതില്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കണം
ഇരിട്ടി: വന്യ മൃഗങ്ങളുടെയും കാട്ടാനകളുടെയും ആക്രമത്തില്‍ നിന്ന് മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാന്‍ ആന മതില്‍ പോലുള്ള സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് വനംവകുപ്പ് കൃത്യമായ പദ്ധതി നല്‍കണമെന്ന് സണ്ണി ജോസഫ് എം.എല്‍.എ താലൂക്ക് സഭയില്‍ നിര്‍ദേശിച്ചു.
എന്‍ജിനിയര്‍മാരെ ഉപയോഗിച്ച് കൃത്യമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ ആനമതില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ എത്രപണം വേണമെങ്കിലും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സുപ്രിം കോടതി വിധിയെതുടര്‍ന്ന് മട്ടന്നൂരില്‍ നിന്നു നീക്കം ചെയ്യുന്ന ബിവറേജസ് മദ്യഷാപ്പ് ജനവാസ കേന്ദ്രത്തില്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പോകാതെ ലഹരി ഉപയോഗിച്ച് അലഞ്ഞു തിരിഞ്ഞു നടക്കുന്നതായുള്ള പരാതിയില്‍ ശക്തമായ ബോധവത്കരണം നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.അതേസമയം എസ്.ടി പ്രൊമോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് എം.എല്‍.എ പറഞ്ഞു. റേഷന്‍ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ താലൂക്ക് സപ്ലൈ അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും ഭക്ഷ്യസുരക്ഷ സമിതിയുടെ താലൂക്ക്തല യോഗം വിളിച്ചിട്ട് മാസങ്ങളായെന്നും പഞ്ചായത്ത് തലങ്ങളില്‍ ഉള്ള യോഗവും ചേരാറില്ലെന്നും മുന്‍ഗണനാ ലിസ്റ്റില്‍ നിന്നു അര്‍ഹതപെട്ടവര്‍ പലരും പുറത്തായെന്നും തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി സുഭാഷ് ആരോപിച്ചു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചില ജീവനക്കാര്‍ മുനിസിപ്പാലിറ്റിയില്‍ എത്തുന്ന പൊതുജനത്തോട് മോശമായിട്ടാണ് പെരുമാറുന്നതെന്നും കോര്‍പ്പറേഷനെ വെല്ലുന്ന തരത്തിലാണ് നികുതി ഈടാക്കുന്നതെന്നും മുസ്‌ലിംലീഗ് നേതാവ് ഇബ്രാഹിം മുണ്ടേരി പറഞ്ഞു. പൊതുമരാമത്ത് റോഡരികിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഫോറസ്റ്റ് അധികൃതരുടെ സമ്മതം വേണമെന്ന് പൊതുമരാമത്ത് ഇരിട്ടി അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് താലൂക്കിലെ 19 വില്ലേജുകളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചെങ്കിലും ഏഴു വില്ലേജുകളില്‍ മാത്രമാണ് ടെന്‍ഡറുകളില്‍ പങ്കെടുത്തതെന്ന് തഹസില്‍ദാര്‍ അറിയിച്ചു. തലശ്ശേരി-വളവുപാറ റോഡിലെ ചാവശ്ശേരി, കീഴൂര്‍ അമല ആശുപത്രിക്ക് സമീപമുള്ള കലുങ്കുകളില്‍ നിന്നു മഴക്കാലത്ത് വെള്ളം സുഗമമായി ഒഴുകി തോടുകളില്‍ എത്താന്‍ 200 മീറ്റര്‍ നീളത്തില്‍ പുതിയ ഓവുചാലുകള്‍ നിര്‍മിക്കണമെന്നും കെ.എസ്.ടി.പി എന്‍ജിനിയര്‍ പറഞ്ഞു. പാചകവാതക വിതരണം ചെയ്യുമ്പോള്‍ സിലിന്‍ഡറിന് ഏജന്‍സികള്‍ 30 രൂപ വരെ അനധികൃതമായി ഈടാക്കുന്നതായി ബി.ജെ.പി അംഗം സി ബാബു പറഞ്ഞു. യോഗത്തില്‍ അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍ സ്വാഗതം പറഞ്ഞു. വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."