ഓര്‍മകളില്‍ ആ രക്തസാക്ഷികള്‍
ക്ലേ വിഭാഗത്തില്‍പ്പെടുന്ന നനവുള്ള, എപ്പോഴും ഇടിഞ്ഞു വീഴാവുന്ന മണ്ണുള്ള ഭാഗത്തായിരുന്നു ഈ ഒന്‍പതു തുരങ്കങ്ങളും. ശ്രദ്ധയോടെ സാവധാനം, യന്ത്രങ്ങള്‍ കാര്യമായി ഉപയോഗിക്കാതെ മനുഷ്യാധ്വാനം മാത്രം ഉപയോഗിച്ചാണ് ഈ വിഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇടയ്ക്കിടെയുള്ള മണ്ണിടിച്ചിലും തടസങ്ങളും ഈ തുരങ്കങ്ങളുടെ നിര്‍മാണത്തില്‍ കനത്ത പ്രതിസന്ധിയുണ്ടാക്കി. നാലു വര്‍ഷമാണ് ഇവയ്ക്കു വേണ്ടി മാത്രം ചെലവഴിക്കേണ്ടി വന്നത്. 19 മനുഷ്യര്‍ തുരങ്കനിര്‍മാണത്തിനിടെ മാത്രം മരിച്ചു എന്നു പറയുമ്പോള്‍ എത്രമാത്രം അപകടകരമായിരുന്നു അവയുടെ നിര്‍മിതി എന്നു മനസിലാക്കാവുന്നതേയുള്ളൂ. കൊങ്കണില്‍ നാം കടന്നുപോകുന്ന ഓരോ തുരങ്കവും ആഹ്ലാദാരവങ്ങള്‍ക്കും അതിശയങ്ങള്‍ക്കുമൊപ്പം ആ മനുഷ്യരുടെ ഓര്‍മകളും ഉണര്‍ത്തുന്നു. തുരങ്കനിര്‍മാണത്തിനിടെ മാത്രമല്ല മറ്റു ജോലികള്‍ക്കിടയിലും ധാരാളം പേര്‍ കൊങ്കണിനായി പ്രാണന്‍ കൊടുത്തിട്ടുണ്ട്. 74 പേരാണ് ഈ അഭിമാന പാതയുടെ നിര്‍മാണത്തിനിടെ വിവിധ അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ആ ത്യാഗങ്ങള്‍ സ്മരിച്ചു മാത്രമേ നമുക്ക് ഈ പാളത്തിലൂടെ പായുന്ന തീവണ്ടിയില്‍ ഇരിക്കാനാവൂ.
ജീവന്‍ മാഷ് തെല്ലിട നിശബ്ദനായിയി. വണ്ടി വേഗത കുറച്ചു പതിയെ ഒരു സ്റ്റേഷനില്‍ ചെന്നു നിര്‍ത്തി.
'ബിജൂര്‍'. ആരവ് പുറത്തേക്കു തല ചെരിച്ച് നോക്കി. സ്റ്റേഷന്റെ പേരു വായിച്ചു.
'ഇവിടെയാരും കയറാനും ഇറങ്ങാനുമില്ലല്ലോ. പിന്നെന്തിനാണ് നിര്‍ത്തുന്നത്' മിലന്‍ ചോദിച്ചു.
'നല്ല ചോദ്യം'. ജീവന്‍ മാഷ് അവനെ അഭിനന്ദിച്ചു.
'സത്യത്തില്‍ നമ്മുടെയീ വണ്ടിക്ക് 29 സ്റ്റേഷനുകള്‍. മാത്രമേയുള്ളു. പക്ഷെ പലപ്പോഴും അല്ലാത്തയിടങ്ങളിലും സ്റ്റേഷനുകളിലും വണ്ടികള്‍ നിര്‍ത്താറുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നുള്ള സിഗ്‌നലനുസരിച്ച് അങ്ങനെ ചെയ്യുന്നത് പലപ്പോഴും മറ്റു വണ്ടികള്‍ക്ക് കടന്നുപോവാനായിട്ടായിരിക്കും. ഒരേ ദിശയിലും എതിര്‍ദിശയിലും ഓടുന്ന തീവണ്ടികള്‍ കൂട്ടിമുട്ടാതിരിക്കാനായി സമയാസമയങ്ങളില്‍ സിഗ്‌നലുകളനുസരിച്ച് പാളങ്ങള്‍ മാറുന്നു. ചിലപ്പോള്‍ നമ്മുടെ വണ്ടി കടന്നുപോകാന്‍ വേണ്ടി മറ്റു ട്രെയിനുകളും പിടിച്ചിടും. ഈ കൊങ്കണ്‍പാത ഒറ്റവരിപ്പാതയായതിനാല്‍ സ്റ്റേഷനുകളില്‍ മാത്രമേ ഒന്നിലധികം പാളങ്ങളുള്ളൂ'.
'ശരിയാ മാഷേ, ദാ വരുന്നു വേറൊരു വണ്ടി'. ജനലിലൂടെ പുറത്തേക്കു നോക്കി മിലന്‍ വിളിച്ചു പറഞ്ഞു.
എല്ലാവരുടെയും ശ്രദ്ധ ജനലിന് പുറത്തേക്ക്.
'ഹായ് തീവണ്ടിയില്‍ ലോറി! ലോറിത്തീവണ്ടി'.
കുട്ടികളില്‍ ആരോ വിളിച്ചുപറഞ്ഞു.
ശരിയായിരുന്നു. ഭാരം നിറച്ച അസംഖ്യം ലോറികള്‍ ഒന്നിനു പിറകെ ഒന്നായി കയറ്റി നിര്‍ത്തി അവയെ വഹിച്ച് യാത്ര ചെയ്യുകയാണ് ആ തീവണ്ടി.
'ഒന്ന്... രണ്ട്.... മൂന്ന്' വിവേക് എണ്ണമെടുക്കാന്‍ തുടങ്ങി.
'റോറോ സര്‍വിസ് എന്നാണ് അതിന്റെ പേര്'. ലോറിത്തീവണ്ടി കടന്നു പോയിക്കഴിഞ്ഞപ്പോള്‍ ജീവന്‍ മാഷ് പറഞ്ഞു.
'ഈ റൂട്ടിലൂടെ മാത്രം കാണാവുന്ന കാഴ്ചയാണിത്. പല സ്ഥലങ്ങളില്‍ നിന്നു കയറ്റി പല സ്ഥലങ്ങളില്‍ ഇറങ്ങി യാത്ര തുടരേണ്ട ലോറികളാണവ. ശ്രദ്ധിച്ചിരുന്നോളൂ ഇനിയും കാണാം ഇത്തരം കാഴ്ചകള്‍'. മാഷ് പറഞ്ഞു.
വണ്ടി പിന്നെയും കൗതുകക്കാഴ്ചകള്‍ സമ്മാനിച്ച് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
'ഇപ്പോള്‍ നമ്മള്‍ കര്‍ണാടകയുടെ ഭാഗങ്ങളിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനു ശേഷം ഗോവയുടെ ഭാഗങ്ങളാണ്. 106 കിലോമീറ്ററാണ് ഗോവയില്‍ മാത്രം കൊങ്കണ്‍പാതയുടെ നീളം. നിര്‍മാണത്തിലെ കുറെയേറെ വെല്ലുവിളികളെക്കുറിച്ച് പറഞ്ഞിരുന്നുവല്ലോ. പാത നിര്‍മിക്കുന്നതിനെതിരേ ഗോവയിലായിരുന്നു പ്രധാനമായും പ്രതിഷേധങ്ങളുയര്‍ന്നത്. പാത കടന്നുപോവുന്ന വഴിയിലെ കൃഷിനാശവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രക്ഷോഭം നടത്തുകയും കൊങ്കണ്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി പാതയ്ക്കനുകൂലമായ നിലപാടാണ് എടുത്തത്. പാത വരുന്നതു കൊണ്ടുണ്ടാവുന്ന പൊതുഗുണങ്ങളും പുരോഗതിയും വലുതാണെന്നു നിരീക്ഷിച്ച കോടതി എതിര്‍വാദങ്ങളെ തള്ളുകയും പ്രവൃത്തി തുടരട്ടെ എന്ന് ഉത്തരവിടുകയും ചെയ്തു'.
'അന്നു കോടതി പ്രതികൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇതുപോലൊരു യാത്ര നമുക്കും സാധ്യമാവുമായിരുന്നില്ലല്ലോ'. അത്ര നേരവും കൊങ്കണ്‍ കാഴ്ചകളില്‍ മയങ്ങിയിരുന്ന ചിന്താ മിസാണ് അതു പറഞ്ഞത്. മാഷും കുട്ടികളും ശരിവച്ചു.
'ഈ വണ്ടിയിപ്പോള്‍ എത്ര വേഗത്തിലാവും മാഷേ ഓടുന്നുണ്ടാവുക?' എന്നും സ്വന്തം സൈക്കിള്‍ ചവിട്ടി സ്‌കൂളില്‍ പോയി വരുന്ന അലനാണ് ആ സംശയം.
'ഈ പാതയിലൂടെ മണിക്കൂറില്‍ പരമാവധി 160 കിലോ മീറ്റര്‍ വരെ വേഗത്തില്‍ തീവണ്ടിക്കു പോകാമെന്നാണു കണക്ക്. പക്ഷെ അത്ര വേഗതയൊന്നും സാധാരണഗതിയില്‍ എടുക്കാറില്ല. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലോടുന്ന രാജധാനി എക്‌സ്പ്രസാണ് കൊങ്കണ്‍പാതയിലൂടെ ഏറ്റവും വേഗത്തില്‍ കടന്നുപോകുന്ന തീവണ്ടി. നമ്മുടേതിപ്പോള്‍ ഒരു 70-80 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഓടുന്നത്'. മാഷ് ഒന്നു നിര്‍ത്തി അല്‍പനേരത്തേക്ക് ആലോചിച്ചു.
'മാഷേ, അപ്പോള്‍ രാജധാനി ട്രെയിന്‍ കോഴിക്കോട്ട് നിന്ന് ബത്തേരിയിലേക്കാണ് ഓടുന്നതെങ്കില്‍ കോഴിക്കോട്-ബത്തേരി ദൂരമായ 97 കിലോമീറ്റര്‍ ഓടിയെത്താന്‍ ഒരു മണിക്കൂര്‍ മതി എന്നല്ലേ?'... വ്യത്യസ്തമായ ആ ആലോചന അവതരിപ്പിച്ചത് കണക്കില്‍ മിടുക്കിയായ നദിയായിരുന്നു.
'അതു ശരിയാണല്ലോ'. ജീവന്‍ മാഷ് അവളെ അഭിനന്ദിച്ചു. 'നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാത യാഥാര്‍ഥ്യമായാല്‍ നമ്മുടെ നാട്ടിലൂടെയും തീവണ്ടി ഓടുമെന്നേ...' മാഷ് ചിരിച്ചു പ്രതീക്ഷാപൂര്‍വ്വം.
'ഹായ് വയല്' പെട്ടെന്ന് അക്ഷരയും ആരവും ഒരേ സമയം ആര്‍പ്പുവിളിയിട്ടു. എല്ലാവരും അവര്‍ ചൂണ്ടിയ ഭാഗത്തേക്കു നോക്കി. കൊങ്കണ്‍പാതയിലൂടെ യാത്ര തുടങ്ങിയപ്പോള്‍ ആദ്യമായാണ് വയല്‍ ദൃശ്യമാകുന്നത്.
'ഒരൂപാട് സവിശേഷതകള്‍ ഉള്ള ഒരു ഭാഗത്തുകൂടിയാണ് കൊങ്കണ്‍ കടന്നുപോകുന്നത് എന്നു ഞാന്‍ നേരത്തെ പറഞ്ഞിരുന്നില്ലേ'. മാഷ് പറഞ്ഞു.
'നെല്ലും തേങ്ങയുമെല്ലാം വിളയുന്ന വളരെ ഫലഭൂയിഷ്ടമായ പ്രദേശം കൂടിയാണിത്. പകല്‍യാത്രയില്‍ സാധ്യമാവുന്ന ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ നമുക്കു നല്‍കും ഈ പാത. വിശേഷിച്ച് ഇനി നാം കടന്നുപോകുന്ന പ്രദേശങ്ങളില്‍'.
അതു കേട്ടപ്പോള്‍ കുട്ടികളുടെ മുഖത്തു സന്തോഷത്തിന്റെ തിരയിളക്കം.
വണ്ടി പിന്നെയുമോടി ഒരു സ്റ്റേഷനില്‍ ചെന്നണഞ്ഞു.
കര്‍വാര്‍ ആയിരുന്നു അത്.
'നമ്മളിപ്പോള്‍ ഏതാണ്ട് രണ്ടു മണിക്കൂറെങ്കിലും വൈകിയാണോടുന്നത്'. ജീവന്‍ മാഷ് പറഞ്ഞു. 'രാവിലെ ഏഴു മണിക്ക് ഇവിടം വിടേണ്ടതായിരുന്നു ട്രെയിന്‍, ഒരു കണക്കിന് അതു നന്നായി. നിങ്ങള്‍ക്ക് കൊങ്കണ്‍ കാഴ്ച മുഴുവന്‍ പകല്‍ സമയത്തു കാണാം'.
ആ സ്റ്റേഷനില്‍ നിന്നു ട്രെയിനില്‍ കയറിയ 'ദസ്‌കേ ചാര്‍... ദസ് കേ ചാര്‍' എന്നു വിളിച്ച് ഓറഞ്ച് വില്‍ക്കുകയായിരുന്ന സ്ത്രീയില്‍ നിന്നും ചിന്തച്ചേച്ചി എല്ലാവര്‍ക്കും നാരങ്ങ വാങ്ങി നല്‍കി.
അതു കഴിച്ച് കഴിഞ്ഞപ്പോള്‍ ദയ ഒരു കടലാസ് കഷ്ണം മാഷിനു നല്‍കി. കൊങ്കണില്‍ എത്ര റെയില്‍വേ സ്റ്റേഷനകളുണ്ട് എന്നായിരുന്നു ചോദ്യം.
ദയ ഒന്‍പതാം ക്ലാസിലാണു പഠിക്കുന്നത്. അവള്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാമെങ്കിലും സംസാരശേഷി ശരിയാംവിധമില്ല. അതുകൊണ്ട് എഴുത്തിലൂടെയാണവള്‍ കാര്യങ്ങള്‍ മറ്റുള്ളവരോടു പറയുക. എപ്പോഴും ഒരു നോട്ടുബുക്കും പേനയും അവളുടെ കൈവശം ഉണ്ടാകും.
നന്നായി ചിത്രം വരയ്ക്കും അവള്‍. വിശേഷിച്ച് ഒരു രൂപം നോക്കി വരയ്ക്കാന്‍ ബഹുമിടുക്കി. അതു പെട്ടെന്ന് ചെയ്യുകയും ചെയ്യും. ചിലപ്പോള്‍ എഴുത്തിനൊപ്പം ചിത്രങ്ങളും അവള്‍ ആശയവിനിമയത്തിന് ഉപയോഗിക്കും
യാത്രയ്ക്കിടെ ചിത്രങ്ങള്‍ വരച്ച് സൂക്ഷിക്കണമെന്നു മാഷ് അവള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
'നല്ല ചോദ്യമാണ് ദയ ചോദിച്ചത്'. അവളുടെ ചോദ്യം ഉയര്‍ത്തിക്കാണിച്ച് മാഷ് പറഞ്ഞു.
'56 സ്റ്റേഷനുകള്‍ കടന്നുവരുന്നുണ്ട്. ഈ കൊങ്കണ്‍ വഴിയില്‍. ചെറുതും വലുതുമായവ. ഉഡുപ്പി, കാര്‍വാര്‍, മഡഗോണ്‍, രത്‌നഗിരി തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ മാത്രമെ നമ്മുടെ വണ്ടിക്ക് സ്റ്റോപ്പുള്ളൂ. ചെറു സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന വണ്ടികളുമുണ്ട്'.
കര്‍വാര്‍ സ്റ്റേഷനെ പിന്നിലാക്കി അവരുടെ വണ്ടി വീണ്ടും നീങ്ങാന്‍ തുടങ്ങി.
'ശരി ഇതൊക്കെയാണ് കൊങ്കണ്‍ റെയിലിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ചുരുക്കത്തില്‍. ഏതാണ്ട്് 3375 കോടി ചെലവിട്ട് നിര്‍മിച്ച ഈ പാത നമ്മുടെ രാജ്യത്തിന്റെ അഭിമാനം കൂടിയാണ്. സ്വപ്നവും സാങ്കേതിക വിദ്യയും ആത്മവിശ്വാസവും ഇച്ഛാശക്തിയും ടീം സ്പിരിറ്റും ആര്‍ജ്ജവവും എല്ലാം എപ്രകാരം മനുഷ്യരുടെ പുരോഗതിക്കായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം. 1998ലെ റിപ്പബ്ലിക് ദിനത്തിലാണ് ഈ പാത പൂര്‍ണമായി തുറന്നു രാജ്യത്തിനായി സമര്‍പ്പിച്ചത്'. മാഷ് ഒന്ന് നിര്‍ത്തി ദീര്‍ഘമായി നിശ്വസിച്ചു.
'ശരി... ഇനി കൊങ്കണിന്റെ കാഴ്ചകളില്‍ മാത്രം മുഴുകിക്കോളൂ'. മാഷ് പറഞ്ഞവസാനിപ്പിച്ചു.
'താങ്ക്യു വെരിമച്ച് മാഷെ' ആകാശ് പറഞ്ഞു.
'ഇതൊന്നും അറിയാതെ ഇതിലൂടെ യാത്ര ചെയ്തിരുന്നെങ്കില്‍ മോശമായേനെ'.
'അതെ, ഞാനും പലവട്ടം ഇതിലൂടെ പോയിട്ടുണ്ട്. പക്ഷെ ഈ വിവരങ്ങളൊക്കെ എനിക്കും പുതിയതാണ്'. ട്രെയിനില്‍ അവരുടെ സഹയാത്രികനായിരുന്ന ഒരാളാണ് അതു പറഞ്ഞത്. അയാള്‍ മാഷ് പറയുന്നതത്രയും ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു.
'സത്യത്തില്‍ ഓരോയിടത്തുകൂടെയും കടന്നുപോകുമ്പോള്‍ ആ സ്ഥലത്തെപ്പറ്റി ഇത്തരം അടിസ്ഥാന വിവരങ്ങള്‍ അറിയുന്നത് യാത്ര കൂടുതല്‍ ഗംഭീരമായ അനുഭവമാക്കി മാറ്റുന്നു'.
മാഷ് അയാളെ നോക്കി പുഞ്ചിരിച്ചു. പിന്നെ ജനാലയിലൂടെ പുറംകാഴ്ചയിലേക്കു നോട്ടം പായിച്ചു.
കാട്, കൃഷിയിടങ്ങള്‍, നദികള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍, തരിശിടങ്ങള്‍, മലകള്‍... കാഴ്ചയുടെ സമസ്ത വൈവിധ്യങ്ങളും സമ്മാനിച്ച് തീവണ്ടി ദില്ലി ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."