ദുമലയുടെ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കേണ്ടത്
''ഞങ്ങള്‍ ഇനിയും ഇവിടെ ജീവിക്കണമോ ഞങ്ങള്‍ ഇവിടത്തുകാരല്ലേ''
തെലുങ്കാനക്കാരിയായ ദുമല ഈ ചോദ്യം ചോദിച്ചത് സ്വന്തംനാട്ടിലെ ഭരണാധികാരികളോടോ ജനങ്ങളോടോ അല്ല. ഈ രാജ്യം അടക്കിഭരിക്കുന്ന മോദി സര്‍ക്കാരിനോടുമല്ല. ചോദ്യം, അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണം പിടിച്ചെടുത്ത ട്രംപിനോടും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളോടുമാണ്.
ദുമല ആരെന്നറിയാമല്ലോ
പത്തുദിവസം മുന്‍പ് അമേരിക്കയുടെ മണ്ണില്‍വച്ചു വംശവെറിയനാല്‍ വെടിയേറ്റു മരിച്ച യുവ എന്‍ജിനീയര്‍ ശ്രീനിവാസ് കച്ചിബോട്ട്‌ലയുടെ ഭാര്യയാണവര്‍. യൗവനത്തിന്റെ ആരംഭത്തില്‍ത്തന്നെ വിധവയാക്കപ്പെട്ടവള്‍. വര്‍ഷങ്ങളായി താനും കുടുംബവും സ്വന്തം നാടായിക്കണ്ടു ജീവിച്ച ദേശത്ത് അന്യരാക്കപ്പെടുകയും കൊന്നൊടുക്കുകയും ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന ആശങ്ക ആ വാക്കുകളിലുണ്ട്.
ശ്രീനിവാസ് കച്ചിബോട്ട്‌ല കൊല്ലപ്പെട്ടത് എന്തെങ്കിലും തെറ്റു ചെയ്തതിന്റെ പേരിലായിരുന്നില്ല. ആരെയെങ്കിലും ദ്രോഹിച്ചതിനാലോ മോശമായി പെരുമാറിയതിനാലോ ആയിരുന്നില്ല. ജനിച്ച നാട്ടിലെ സുഹൃത്തുമായി മാതൃഭാഷയില്‍ സംസാരിച്ചുപോയി. ആ ഒറ്റക്കാരണത്താലാണ് ആദം പ്യൂരിറ്റന്‍ എന്ന അമേരിക്കക്കാരനായ മുന്‍സൈനികന്‍ ശ്രീനിവാസിനെ വെടിവച്ചുകൊന്നത്. ശ്രീനിവാസിന്റെ സുഹൃത്തിനും വെടിയേറ്റെങ്കിലും ഭാഗ്യംകൊണ്ടു ജീവന്‍പൊലിഞ്ഞില്ല.
വെടിയുതിര്‍ക്കുന്നതിനിടയില്‍ അക്രമി നടത്തിയ ആക്രോശമാണു നമ്മള്‍ കാതു തുറന്നു ശ്രദ്ധിക്കേണ്ടത്. ''എന്റെ നാട്ടില്‍നിന്നു കടന്നുപോടാ.., ഭീകരവാദീ...'' എന്നായിരുന്നു ആ വാക്കുകള്‍. വംശവെറിയുടെ അങ്ങേയറ്റത്തെ പൊട്ടിത്തെറി!
ട്രംപ് ഭരണകൂടം അധികാരത്തിലേറിയതോടെ താനുള്‍പ്പെടെയുള്ള അമേരിക്കയിലെ അന്യരാജ്യക്കാര്‍ വല്ലാത്ത അരക്ഷിതബോധം അനുഭവിക്കുമ്പോഴും 'അമേരിക്കയില്‍ നല്ലതു മാത്രമേ സംഭവിക്കൂ'വെന്നു വിശ്വസിച്ചിരുന്നയാളാണു തന്റെ ഭര്‍ത്താവെന്നു ദുമല പറയുന്നു.
ശ്രീനിവാസിനു നേരേയുണ്ടായ വംശീയഭ്രാന്തിനെത്തുടര്‍ന്ന് അമേരിക്കയിലെ തെലുങ്കാന അസോസിയേഷന്‍ അംഗങ്ങള്‍ക്കു നല്‍കിയ ഇ മെയില്‍ സന്ദേശം ആ നാട്ടിലെ അന്യരാജ്യക്കാര്‍ അനുഭവിക്കുന്ന ഭീതിതമായ അവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. 'ദയവായി നിങ്ങള്‍ പരസ്യമായി മാതൃഭാഷയില്‍ സംസാരിക്കരുത്. പൊതുസ്ഥലത്തുവച്ച് ആരെങ്കിലും തര്‍ക്കിക്കാന്‍ വന്നാല്‍ എത്രയും പെട്ടെന്നു സ്ഥലംവിടാന്‍ ശ്രമിക്കുക.' എന്നിങ്ങനെയാണു നിര്‍ദ്ദേശങ്ങള്‍. സ്വന്തം വ്യക്തിത്വം അടിയറവു പറഞ്ഞ് അടിമകളായി കഴിയണമെന്ന്! ഗതികെട്ടവന്റെ അവസ്ഥയാണത്.
അമേരിക്കയിലെ വംശീയഭ്രാന്തന്മാര്‍ നടത്തുന്ന ഈ ഫാസിസ്റ്റ് സമീപനം നാളെ അവിടത്തെ ഭരണകൂടത്തിന്റെ സമ്പൂര്‍ണപിന്തുണയോടെ വ്യാപകമാകുയും അതേ പാഠം യൂറോപ്യന്‍രാജ്യങ്ങളും ഗള്‍ഫ്‌നാടുകളും മറ്റും പകര്‍ത്തുകയും ചെയ്താല്‍ എന്താണു സംഭവിക്കുക ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന പ്രത്യാഘാതം മാത്രം വച്ചു നോക്കിയാല്‍ ദശലക്ഷക്കണക്കിനു കുടുംബങ്ങള്‍ എല്ലാം ഇട്ടെറിഞ്ഞ് ഈ നാട്ടിലേക്കു ഓടിപ്പോരേണ്ടിവരും. ഈ രീതിയിലാണു ലോകം പോകുന്നതെങ്കില്‍ അതു സംഭവിക്കാന്‍ ഏറെനാള്‍ വേണ്ടിവരില്ല.
ഇപ്പോള്‍ത്തന്നെ 30 ശതമാനത്തിലേറെ മുഴുപ്പട്ടിണിക്കാരുള്ള ഇന്ത്യക്ക് അതു താങ്ങാനാകുമോ. നമ്മുടെ നാടിനെ സാമ്പത്തികമായി താങ്ങിനിര്‍ത്തുന്നതു ലോകമെങ്ങുമുള്ള, പ്രത്യേകിച്ചു ഗള്‍ഫ് നാടുകളിലുള്ള, പ്രവാസികളുടെ വിയര്‍പ്പിന്റെ ഫലമാണ്.
അത്തരമൊരു നാട്ടിലുള്ളവര്‍ മറ്റുദേശക്കാരോടും സ്വന്തംനാട്ടുകാരോടും എങ്ങനെ പെരുമാറണം. ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നപോലെയാകരുത്. അമേരിക്കയിലെ വംശീയഭ്രാന്തന്‍ അന്യരാജ്യക്കാരോടാണു മൃഗീയമായി പെരുമാറിയതെങ്കില്‍, ഒരുപടികൂടി കടന്നു, സ്വന്തംനാട്ടില്‍ ജനിച്ചുവളര്‍ന്നവരോടാണ്, ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും തുല്യമായി അനുഭവിക്കാന്‍ അര്‍ഹതയുള്ളവരോടാണ് ഇവിടത്തെ സമുദായവെറിയന്മാര്‍ 'എന്റെ നാട്ടില്‍നിന്നു കടന്നുപോടാ.., ഭീകരവാദീ...' എന്ന് ആക്രോശിക്കുന്നത്.
മതാഭിമാനവും വംശീയാഹന്തയും ദേശഭക്തിയും ഭാഷാബോധവും അതിരു ഭേദിച്ച് ഉന്മാദാവസ്ഥയിലെത്തുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. അത് ഏറ്റവും കൂടുതല്‍, അത്യാപത്തുവിളിച്ചുവരുത്തുംവിധം സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയിലാണ്. മറ്റുള്ളവര്‍ എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം, എങ്ങനെ പ്രതികരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് ഇവിടെ മതഭ്രാന്തന്മാരാണ്.
അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനുമൊക്കെ താല്‍ക്കാലികമായി ഉപകരിക്കാമെങ്കിലും അതുണ്ടാക്കുന്ന തിരിച്ചടി അതിഭീകരമായിരിക്കുമെന്ന് ഇതു ചെയ്തുകൂട്ടുന്നവര്‍ ഓര്‍ക്കേണ്ടതാണ്. ഈ ലോകം നിലവില്‍വന്നതു മതത്തിന്റെയോ വര്‍ണത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ പേരില്‍ മതിലുകെട്ടി തിരിച്ച അവസ്ഥയിലല്ല. ദേശീയതയുടെയും മറ്റും അതിര്‍ത്തികള്‍ മനുഷ്യനിര്‍മിതങ്ങള്‍ മാത്രമാണ്.
അതിരുകവിഞ്ഞതെല്ലാം തിരിച്ചടിയാകുമെന്ന തിരിച്ചറിവു നമ്മിലോരോരുത്തരിലും ഉണ്ടായേ തീരൂ. അതിനാല്‍ത്തന്നെ, ദുമലയുടെ ചോദ്യത്തിനു പ്രവൃത്തിയിലൂടെയും പെരുമാറ്റത്തിലൂടെയും ഉത്തരം നല്‍കേണ്ട ബാധ്യത മനുഷ്യനന്മയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."