കെ.എസ്.ഇ.ബി മീറ്റര്‍റീഡിങ് റാങ്ക് ലിസ്റ്റ് വൈകുന്നു
കോഴിക്കോട്: ഒഴിവുകള്‍ നിരവധിയുണ്ടായിട്ടും കെ.എസ്.ഇ.ബി മീറ്റര്‍റീഡിങ് തസ്തികയിലേയ്ക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് വൈകുന്നു. ഒഴിവുകള്‍ എത്രയെന്നു കെ.എസ്.ഇ.ബി അറിയിക്കാത്തതിനാലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകാത്തതെന്നാണ് പി.എസ്.സിയുടെ വിശദീകരണം.
അതേസമയം, താല്‍ക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ലിസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. 2014ല്‍ മീറ്റര്‍റീഡിങ് തസ്തികയിലേക്കുള്ള പരീക്ഷയെഴുതിയ പതിനായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ ഇപ്പോള്‍ പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും കാത്തിരിപ്പാണ്. രണ്ടു തവണ കത്തു നല്‍കിയിട്ടും കെ.എസ്.ഇ.ബി ഒഴിവുകളുടെ എണ്ണം നല്‍കിയിട്ടില്ലെന്നാണ് പി.എസ്.സി അധികൃതര്‍ പറയുന്നത്. തസ്തിക വിജ്ഞാപനം ചെയ്യുന്ന സമയത്തുള്ള ഒഴിവു സംബന്ധിച്ചുള്ള വിവരം മാത്രമാണ് പി.എസ്.സിയുടെ കൈവശമുള്ളത്. സാങ്കേതികമായി ഈ എണ്ണംവച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയുമെങ്കിലും ഗൂഢാലോചനയുടെ ഭാഗമായാണ് ഈ വൈകലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കരാറടിസ്ഥാനത്തിലുള്ള താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം നല്കി ഒരു പ്രമുഖ തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനം നടത്തുന്നുമുണ്ട്.
2010ല്‍ മീറ്റര്‍റീഡിങ് തസ്തികയിലേക്കു ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്‍പതു മാസം പിന്നിട്ടപ്പോള്‍തന്നെ 593 പേര്‍ക്കു നിയമനം നല്‍കിയിരുന്നു.
ഇപ്പോള്‍ 71 ഡിവിഷന് ഓഫിസുകളില്‍ 46 ഇടത്തുതന്നെ 1,206 മീറ്റര്‍റീഡിങ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."