മുസ്‌ലിം ലീഗ് പ്രതിനിധിസംഘം ഇന്ന് കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കു നേരെ കലാപമഴിച്ചുവിടുന്ന പൊലിസ്- സഘ്പരിവാര്‍ ഭീകരതയെ മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ശക്തമായി അപലപിച്ചു.
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. അക്രമങ്ങള്‍ തടയുന്നതിനു പകരം പൊലിസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്നു. സംഘ്പരിവാറിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ് ഡല്‍ഹി പൊലിസ്. അമ്പേ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രതിനിധി സംഘം ഇന്ന് ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കലാപത്തിന് ആഹ്വാനം ചെയ്യുകയും നേതൃത്വം നല്‍കുകയും ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, നവാസ് ഗനി എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരുമായും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുളള പ്രതിപക്ഷ നേതാക്കളുമായും സംഘം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
പൗരത്വം നമ്മുടെ അവകാശം; അഭിമാനം എന്ന പ്രമേയത്തില്‍ ലീഗ് സ്ഥാപക ദിനമായ മാര്‍ച്ച് 10ന് പഞ്ചായത്ത് തല ജനകീയ കൂട്ടായ്മകളും വാര്‍ഡ് തലത്തില്‍ ദിനാചരണങ്ങളും നടത്തും. മാര്‍ച്ച് 21ന് ലോക വംശീയ വിരുദ്ധ ദിനത്തില്‍ ഭരണകൂട വംശവെറിക്കും വര്‍ഗീയതയ്ക്കുമെയ്രേ മണ്ഡലം തലങ്ങളില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് രാപ്പകല്‍ ഇരുപ്പ് സമരം സംഘടിപ്പിക്കും.
കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഒരുഭാഗത്ത് നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ വഞ്ചനാപരമാണ്. സമാധാനപരമായി നടക്കുന്ന സമരങ്ങളെപ്പോലും പൊലിസിനെ ഉപയോഗിച്ച് നേരിടുകയാണ്. എല്ലാ അനുമതിയോടെയും പ്രകടനം നടത്തിയവര്‍ക്കെതിരേ പോലും കേസെടുക്കുന്നു. പൗരത്വ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത ജസ്റ്റിസ് കമാല്‍ പാഷയെ വ്യക്തിഹത്യ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരുദ്ദേശപരവും കേരളീയ സമൂഹത്തിന് അപമാനവുമാണ്. സി.എ.എ, എന്‍.പി.ആര്‍ വിരുദ്ധ പ്രക്ഷോഭം ഒറ്റയ്ക്കും യോജിച്ചും വിജയം വരെ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ യോഗം ആഹ്വാനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, സി.ടി അഹമ്മദലി, എം.സി മായിന്‍ഹാജി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സി. മോയിന്‍കുട്ടി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിര്‍, സി.പി ബാവഹാജി, സി.എ.എം.എ കരീം, അഡ്വ.പി.എം.എ സലാം, അബ്ദുറഹിമാന്‍ കല്ലായി, കെ.എസ് ഹംസ, കെ.കെ ആബിദ്ഹുസൈന്‍, അഡ്വ.എന്‍ ശംസുദ്ദീന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപള്ളി റഷീദ്, സി.പി ചെറിയമുഹമ്മദ്, പി.എം സാദിഖലി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."