വിദ്യാര്‍ഥികളുടെ പഠന മികവ് അറിയിക്കാന്‍ പഠനോത്സവം പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്
കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ മികവും മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഫലപ്രാപ്തിയും പൊതുസമൂഹവുമായി പങ്കുവെക്കാന്‍ പഠനോത്സവം പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അക്കാദമിക മികവ് ഉറപ്പ് വരുത്തുന്നതിനായി ഈ അധ്യയന വര്‍ഷം മികവിന്റെ വര്‍ഷമായി പരിഗണിച്ച് വിദ്യാലയങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരുന്നു.
ഇതിലെ വിവിധ പഠന പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി ജനങ്ങലിലേക്കെത്തിക്കുന്നതിനാണ് പഠനോത്സവം എന്ന പേരില്‍ വിപുലമായ പ്രവര്‍ത്തന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും ഈമാസം 26 മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാലയം മികവിന്റെ കേന്ദ്രമാണെന്നും പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ ഗുണപരവും അര്‍ത്ഥപൂര്‍ണവുമായ വിദ്യാഭ്യാസമാണ് ആര്‍ജ്ജിക്കുന്നതെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം നടത്തുന്നത്. ആദ്യഘട്ടത്തില്‍ എല്‍.പി, യുപി വിഭാഗങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ മികവ് പ്രദര്‍ശിപ്പിക്കുകയും പൊതുജനങ്ങള്‍, രക്ഷിതാക്കള്‍ എന്നിവരുമായി കുട്ടികള്‍ ആശയ വിനിമയം നടത്തുകയും ചെയ്യും. മുഴുവന്‍ വിദ്യാര്‍ഥികളും അവസരം നല്‍കി അക്കാദമികവും സര്‍ഗ്ഗാത്മകവുമായി മികവുകളുമാണ് പ്രദര്‍ശിപ്പിക്കുക. കുട്ടികള്‍ അവതരിപ്പിച്ച മേഖലയെ കുറിച്ച് രക്ഷിതാക്കള്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും സൗഹാര്‍ദ്ദ സംവാധത്തിനും അവസരമൊരുക്കും.
പഠനോത്സവത്തിന്റെ തുടര്‍ച്ചയായി പൊതുവിദ്യാലയങ്ങളെയും പ്രത്യകിച്ച് മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലങ്ങളെയും കേന്ദ്രീകരിച്ച് ആഞ്ചുമാസം നീണ്ടുനില്‍ക്കുന്ന എന്‍ റോള്‍മെന്റ് ക്യാംപെയിനും നടക്കും. ഇത് അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് ആനപ്പാറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ഗോത്രഫെസ്റ്റ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നവീകരിച്ച പ്രീ സ്‌കൂളിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എയും പ്രാദേശിക ചരിത്ര മ്യൂസിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും നിര്‍വഹിക്കും. ചടങ്ങില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം, അവാര്‍ഡ് ദാനം, എസ്.എസ്.എല്‍സി റസിഡന്‍ഷ്യല്‍ ക്യാംപ്, ജൈവ പച്ചക്കറി വിളവെടുപ്പ് എന്നിയുടെ ഉദ്ഘാടനവും നടക്കും.
26ന് നടത്താന്‍ കഴിയാത്ത സ്‌കൂളുകള്‍ ജനുവരി 28നും ഫെബ്രുവരി 15നും ഇടയില്‍ പഠനോത്സവം നടത്തണമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ. പ്രഭാകരന്‍, സര്‍വ ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫിസര്‍ ജി.എന്‍ ബാബുരാജ്, പ്രധാനാധ്യാപകന്‍ എം.എസ് ബാബുരാജ്, പി.ടി.എ പ്രസിഡന്റ് കെ.കെ സുധാകരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ വി. സുരേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."