കൊറോണ: ഉംറ തീര്‍ഥാടനം നിര്‍ത്തിവെച്ചു, എല്ലാ ഉംറ വിമാനങ്ങളും നിര്‍ത്തി; ആശങ്കയില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍
കോഴിക്കോട്/ റിയാദ്:ഉംറ തീര്‍ഥാടനം നിര്‍ത്തിവെച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് തല്‍ക്കാലത്തേക്ക് ഉംറ തീര്‍ഥാടനം നിര്‍ത്തിവെച്ചതായി സഊദി അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍ ഇതെന്നാണ് പുനരാരംഭിക്കുകയെന്നതിനു വയക്തതയില്ല. രോഗവ്യാപനം കെട്ടടങ്ങുംവരേ ഇതേ അവസ്ഥ തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ യാത്ര ബുക്ക് ചെയ്ത ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എല്ലാ രാജ്യത്തുനിന്നുമുള്ള ഉംറ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കാനും സഊദി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് സഊദിയുടെ തീരുമാനം.
ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായാണ് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കി അയച്ചു.ഇന്നു മാത്രം കോഴിക്കോട് നിന്ന് യാത്രപോകേണ്ടിയിരുന്ന 400 പേര്‍ക്കാണ് തിരിച്ചുമടങ്ങേണ്ടി വന്നത്. മക്കയിലും മദീനയിലും കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ ആളുകള്‍ പ്രവേശിക്കരുതെന്നാണ് വിലക്ക്. മുന്‍ കരുതലിന്റെ ഭാഗമായാണിതെന്നും സഊദി വൃത്തങ്ങള്‍ അറിയിച്ചു.
ഗള്‍ഫിലാകെ ഇതുവരെ 211 പേര്‍ക്ക് കൊറോണ ബാധയേറ്റതായാണ് വിവരം. ഇറാനില്‍ നിന്നെത്തിയവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ് മധ്യപൂര്‍വദേശത്തെ മറ്റ് രാജ്യങ്ങളില്‍ രോഗികളായവരില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയംകൊറോണ വൈറസ് അപകടകരമായി പടരുന്ന രാജ്യങ്ങളിലേക്കുള്ള ടൂറിസം വിസയും നിറുത്തി വച്ചിട്ടുണ്ട്.
പുതിയ കൊറോണവൈറസ് സംഭവവികാസങ്ങള്‍ സഊദി ആരോഗ്യ അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ചു വരുകയാണ്. വൈറസ് പടരാതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ
നടപടിയുടെ ഭാഗമായിട്ടാണ് തീരുമാനം. അതിനിടെ ആശങ്ക വേണ്ടതില്ലെന്നും സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്‍കരുതല്‍ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഗള്‍ഫ് ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 250നു മുകളിലായെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
ഒറ്റ ദിവസം കൊണ്ട് ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇറാന്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയവര്‍ക്കാണ് കൊറോണ ബാധ. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധ നടപടികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും നിറുത്തി വെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."