HOME
DETAILS
MAL
ഇന്ത്യയിലെ ആദ്യ വാണിജ്യ എല്‍.എന്‍.ജി ബസ് നിരത്തിലിറക്കി
backup
February 28 2020 | 02:02 AM
കൊച്ചി: എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ ഉണ്ടാകുന്ന ചരിത്രപരമായ മാറ്റത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.
അന്തരീക്ഷ മലിനീകരണം തടയാനും ചെലവ് കുറയ്ക്കാനും എല്‍.എന്‍.ജി ബസുകളിലൂടെ സാധിക്കും. വര്‍ഷങ്ങളായി ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നത് പെട്രോള്‍, ഡീസല്‍ എന്നിവയിലൂടെയാണ്. ഇതിലൂടെ അപകടകരമായി മലിനീകരണം ഉണ്ടാകുന്നുവെന്നത് ജനങ്ങള്‍ അംഗീകരിച്ചുതുടങ്ങി. ഇതിനെതിരേ സി.എന്‍.ജി, എല്‍.എന്‍.ജി എന്നിവ ജനകീയമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനാല്‍ത്തന്നെ ഇ-ഓട്ടോ പോലുള്ള ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ബസ് പോലുള്ള വലിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഉടമസ്ഥര്‍ക്ക് പാക്കേജുകളോ ഡിസ്‌കൗണ്ടുകളോ കൊടുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ ഗതാഗത സൗകര്യത്തിനായാണ് പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് ഇപ്പോള്‍ രണ്ട് ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. 450 ലിറ്റര്‍ ശേഷിയുള്ള ക്രയോജനിക് ടാങ്കാണ് ബസിലുള്ളത്. ഒറ്റത്തവണ ഇന്ധനം നിറയ്ക്കുന്നതിലൂടെ 900 കിലോ മീറ്റര്‍ ബസിന് ഓടാന്‍ കഴിയും. നാല് മുതല്‍ അഞ്ച് മിനിറ്റ് വരെയാണ് ബസില്‍ ഇന്ധനം നിറയ്ക്കാന്‍ എടുക്കുന്ന സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."