ഉടന്‍ മഴയില്ലെങ്കില്‍ ഉഷ്ണ തരംഗം: കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ ഗവേഷകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ വേനല്‍ കനക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിനുപിന്നാലെയാണ് ഈ മുന്നറിയിപ്പ്.
പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക.
കേരളത്തില്‍ അതിതീവ്രമായ കാലാവസ്ഥ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. 2020 ഫെബ്രുവരി 27ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ 2020ലെ രാജ്യത്തെ വേനല്‍ക്കാല താപനില സംബന്ധിച്ചുള്ള പ്രവചനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താപനില സാധാരണ താപനിലയെക്കാള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നത്.
മാര്‍ച്ച് മുതല്‍ മെയ്‌വരെയുള്ള സീസണിലെ ഉയര്‍ന്ന താപനില സാധാരണ താപനിലയേക്കാള്‍ ശരാശരി 0.86 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില സാധാരണ താപനിലയെക്കാള്‍ ശരാശരി 0.83 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് പൊതുവെ തന്നെ വലിയ ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.
ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണ താപനിലയെക്കാള്‍ ഒരുഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായിരിക്കുമെന്നും പൊതുവില്‍ ഉഷ്ണതരംഗമുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ തീവ്ര ഉഷ്ണതരംഗത്തിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മണ്‍സൂണ്‍ മിഷന്‍ പ്രോജെക്ടിന് കീഴില്‍ വികസിപ്പിച്ചെടുത്ത മണ്‍സൂണ്‍ മിഷന്‍ കപ്ല്ഡ് ഫോര്‍കാസ്റ്റിങ് സിസ്റ്റം മോഡലിന്റെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സീസണല്‍ ഫോര്‍കാസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."