പുലിഭീതിയില്‍ എട്ടു മണിക്കൂര്‍ കണ്ണൂര്‍ നഗരം
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഭീതിവിതച്ചിറങ്ങിയ പുലിഭീതിക്കു ശമനമായത് എട്ടുമണിക്കൂറിനു ശേഷം പുലിയെ പിടിച്ചതോടെ. ഇന്നലെ വൈകുന്നേരം മൂന്നോടെയാണു കണ്ണൂര്‍ നഗരത്തില്‍ നിന്ന് ഒരുകിലോമീറ്റര്‍ മാറി ജനവാസ കേന്ദ്രമായ കസാനക്കോട്ടയില്‍ പുലിയിറങ്ങിയത്. കസാനക്കോട്ട കോട്ടയിലെ പള്ളിക്കു സമീപം റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന പറമ്പിലാണു പുലിയെ കണ്ടെത്തിയത്. വീട് നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട കക്കാട് ബില്‍ഡേഴ്സ് തൊഴിലാളി ഒഡീഷ സ്വദേശി മനോജിനെ പുലി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ യുവാക്കളെയും പുലി ആക്രമിച്ചെന്ന വിവരം സമൂഹമാധ്യമങ്ങളിലടക്കം പരന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ഭീതിയിലായി.
വിവരമറിഞ്ഞ് ആയിരക്കണക്കിനാളുകളാണു കസാനക്കോട്ടയിലെത്തിയത്. പുലിയെ പിടിക്കാന്‍ മയക്കുവെടി വയ്ക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിനു ജനക്കൂട്ടം ഒഴുകിയെത്തിയതു വന്‍ തിരിച്ചടിയായി. ഇതേതുടര്‍ന്നു സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്കു കസാനക്കോട്ട പരിസര പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നു. പുലി എത്തിയതറിഞ്ഞു സമീപത്തെ റെയില്‍വേ ട്രാക്കിലും വീടുകള്‍ക്കു മുകളിലും ആളുകള്‍ നിറഞ്ഞതു പൊലിസിനും ബുദ്ധിമുട്ടായി.
റെയില്‍വേ ട്രാക്കില്‍ ട്രെയിനുകള്‍ കടന്നുപോയ സമയങ്ങളില്‍ ആളുകളെ നീക്കാന്‍ പൊലിസ് നന്നേ പാടുപെട്ടു. രാത്രി ഒന്‍പതോടെ വനംവകുപ്പിന്റെ മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സകറിയ സ്ഥലത്തെത്തി ശ്രമം തുടങ്ങി. 10.50നു മയക്കുവെടി വച്ച് പുലിയെ കീഴടക്കിയതോടെയാണ് എട്ടുമണിക്കൂര്‍ നീണ്ട ജനങ്ങളുടെ ഭീതിക്കു പരിസമാപ്തിയായത്. മയക്കുവെടിയില്‍ മയങ്ങിയ പുലിയെ വയനാട്ടില്‍ നിന്നു വനംവകുപ്പ് എത്തിച്ച കൂട്ടിലേക്കു മാറ്റിയതോടെ മണിക്കൂറുകളോളം കൂടിനിന്ന ജനക്കൂട്ടത്തിന്റെയും ഭീതിയകന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."