മാനന്തവാടിയിലെ ഗതാഗത കുരുക്ക് നാറ്റ്പാക്ക് സര്‍വേ ആരംഭിച്ചു
മാനന്തവാടി: ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ മാനന്തവാടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ കേന്ദ്രം നാറ്റ് പാക്ക് സര്‍വേ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട കോളജുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ ഓരോ മിനിറ്റിലും കടന്ന് പോകുന്ന വാഹനങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു.
വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ പൊലിസ് സഹായത്തോടെ വാഹനങ്ങള്‍ നിര്‍ത്തിച്ച് മാനന്തവാടി മൈസൂര്‍ റോഡില്‍ ഡ്രൈവര്‍മാരില്‍ നിന്നും മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തി.
വെള്ളിയാഴ്ച മാനന്തവാടി കോഴിക്കോട് റോഡില്‍ ചങ്ങാടക്കടവ് പാലത്തിന് സമീപവും ജൂണ്‍ 20ന് കുറ്റ്യാടി റോഡില്‍ പാണ്ടിക്കടവ് പാലത്തിന് സമീപവും ജൂണ്‍ 22ന് കണ്ണൂര്‍ റോഡില്‍ കുഴിനിലം എസ് വളവിലും ഇതേ രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കും.
ഭാവിയില്‍ ഉണ്ടാകാവുന്ന ഗതാഗത പ്രശ്‌നങ്ങള്‍ കൂടി തരണം ചെയ്യാവുന്ന രീതിയില്‍ പരിഷ്‌കരണവും നടപ്പിലാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് വകുപ്പിന് വേണ്ടിയാണ് നാറ്റ് പാക്ക് പഠനം നടത്തുന്നത്. ഇപ്പോഴത്തെ ഗതാഗത സൗകര്യങ്ങളും കടന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണവും പഠന വിധേയമാക്കും.
റോഡുകളുടെ വീതി, പാര്‍ക്കിങ് സൗകര്യം, കവലകളുടെ സ്ഥല പരിമിതി, നടപ്പാത എന്നിവയുടെ വിവര ശേഖരണം നടത്തും. റോഡു വികസനം കൂടി ലക്ഷ്യമിട്ട് ഭാവിയില്‍ ഉണ്ടാകാവുന്ന വാഹന സാന്ദ്രത കൂടി കണക്കാക്കിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കുക. പൊതു ഗതാഗത സംവിധാനം ശക്തമാക്കാനുള്ള പദ്ധതികളും പഠനത്തിന്റെ ഭാഗമായുണ്ട്.
പുതിയ ബൈപ്പാസുകള്‍, റോഡുകള്‍, ഓവര്‍ ബ്രിഡ്ജ്, ട്രാഫിക് സിഗ്നലുകള്‍, റോഡ് വീതികൂട്ടല്‍ എന്നിവയും പരിഗണിക്കുന്നത് ഗതാഗത പരിഷ്‌കരണ രംഗത്തെ ന്യൂതന സംവിധാനങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.
ഭാവിയില്‍ ഗതാഗത വികസനത്തിന് തടസമുണ്ടാകാത്ത വിധത്തിലുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ നിര്‍മാണ അനുമതി നല്‍കാവൂ എന്ന നിര്‍ദേശവും റിപ്പോര്‍ട്ടില്‍ ഉള്‍കൊള്ളിക്കും. 45 ലക്ഷം രൂപയാണ് പഠനത്തിന് ചെലവ് വരുന്നത്. ആറു മാസം കൊണ്ട് പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. നാറ്റ് പാക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാധാകൃഷ്ണന്‍ തമ്പിയുടെ നേതൃത്വത്തിലാണ് മാനന്തവാടിയില്‍ സര്‍വേ നടക്കുന്നത്.
പദ്ധതി യാഥാര്‍ഥ്യമായാല്‍ വര്‍ഷങ്ങളായുള്ള ആവശ്യമായ മാനന്തവാടി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. മാനന്തവാടിക്ക് പുറമെ കണ്ണൂര്‍, പട്ടാമ്പി, വടക്കാഞ്ചേരി, കട്ടപ്പന, ഗുരുവായൂര്‍, ഈരാറ്റ് പേട്ട, ഹരിപ്പാട്, കൊട്ടാരക്കര, കൊല്ലം, കൂത്താട്ട്കുളം, പിറവം എന്നിവിടങ്ങളിലും നാറ്റ് പാക്കിന് പഠനം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."