മഹാരാഷ്ട്രാ കടലില്‍ 22 മീറ്റര്‍ നീളമുള്ള ബോട്ടിന്റെ അവശിഷ്ടം കണ്ടെത്തി
ഉഡുപ്പി: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ഭാഗത്തുള്ള കടലില്‍ 22 മീറ്റര്‍ നീളമുള്ള ബോട്ടിന്റെ അവശിഷ്ടം കണ്ടെത്തി. പടക്കപ്പലായ ഐ.എന്‍.എസ് കൊച്ചിയാണ് കടലില്‍ എഴുപത് മീറ്റര്‍ ആഴത്തില്‍ അവശിഷ്ടം കണ്ടെത്തിയത്. എന്നാല്‍ കണ്ടെത്തിയ അവശിഷ്ടം മല്‍പേ ഹാര്‍ബറില്‍ നിന്ന് ഏഴു തൊഴിലാളികളുമായി മത്സ്യബന്ധനത്തിനു പോയി കാണാതായ സുവര്‍ണ ത്രിഭുജയെന്ന ബോട്ടിന്റെതാണെന്ന് ഉറപ്പിച്ചിട്ടില്ല.
എഴുപതുമീറ്റര്‍ ആഴത്തിലുള്ള അവശിഷ്ടത്തിന്റെ വ്യക്തയുള്ള പടം ഐ.എന്‍.എസ് കൊച്ചിക്കു ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. സോനാര്‍ ടെക്‌നോളജി ഉപയോഗിച്ചുനടത്തിയ പരിശോധനയിലാണ് കടലില്‍ അവശിഷ്ടം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഐ.എന്‍.എസ് സാറ്റ് ലേജ് ഹൈഡ്രോ ഗ്രാഫിക് ബോട്ടു ഉപയോഗിച്ച് കൂടുതല്‍ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് രക്ഷാദൗത്യ സേനകള്‍. ത്രീഡി മാപ്പിങ് സംവിധാനം ഉപയോഗിച്ച് നടത്തുന്ന പരിശോധനയില്‍ വളരെ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുമെന്നാണ് നേവി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഡിസംബര്‍ 13നാണു മല്‍പേ ഹാര്‍ബറില്‍ നിന്നു സുവര്‍ണ ത്രിഭുജ മത്സ്യബന്ധനത്തിനു വേണ്ടി യാത്രയായത്. ഏഴുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 19 നു തിരികെയെത്തേണ്ട ബോട്ട് തിരിച്ചെത്താതെ വന്നതോടെയാണ് 23നു പൊലിസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പൊലിസ്, കോസ്റ്റ് ഗാര്‍ഡ്, നേവി ഉള്‍പ്പെടെ ഒരു മാസമായി തിരച്ചില്‍ നടത്തിയെങ്കിലും ബോട്ടിനെയും ജീവനക്കാരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശത്ത് കാണാതാവുന്നതിനു മുന്‍പ് ബോട്ട് ഉണ്ടായിരുന്നതായി സൂചന ലഭിച്ചിരുന്നു.
അതിനിടെ ഡിസംബര്‍ 16നു അതുവഴി സഞ്ചരിച്ച ഐ.എന്‍.എസ് കൊച്ചിയുടെ അടിഭാഗത്ത് എന്തോ ഇടിച്ചതായും കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായും കപ്പലിലെ ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ മല്‍വാ ഹാര്‍ബറില്‍ വിവരം കൈമാറിയിരുന്നു. തുടര്‍ന്ന് നാലുദിവസം ഹാര്‍ബര്‍ ജീവനക്കാര്‍ പരിശോധന നടത്തിയെങ്കിലും പ്രസ്തുത ഹാര്‍ബറില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടുകളൊന്നും അപകടത്തില്‍ പെട്ടിട്ടില്ലെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ സുവര്‍ണ ത്രിഭുജയെ കാണാനില്ലെന്ന് കാണിച്ചു പരാതി അധികൃതര്‍ക്ക് ലഭിച്ചത് ഡിസംബര്‍ 23 നാണ്.
ഒരു മാസം നീണ്ട തെരച്ചിലിനിടയില്‍ സിന്ധു ദുര്‍ഗാ കടലില്‍ ബോട്ടില്‍ ഉപയോഗിക്കുന്ന രക്ഷാ ട്യൂബുകളും മത്സ്യം ശേഖരിച്ചു വെക്കുന്ന രണ്ടോ മൂന്നോ പെട്ടികളും കണ്ടെത്തിയിരുന്നു. പിടിയില്‍ എസ്.ടി എന്ന് എഴുതിയതും അപകടത്തില്‍പെട്ടത് സുവര്‍ണ ത്രിഭുജയാണെന്ന നിഗമനത്തിലാണ് രക്ഷാസേനകളുടെ ഉദ്യോഗസ്ഥര്‍. ഐ.എന്‍.എസ് സാറ്റ്‌ലേജ് നടത്തുന്ന പരിശോധനയോടെ കടലില്‍ കാണപ്പെട്ട ബോട്ടിന്റെ അവശിഷ്ടം ഏതു ബോട്ടിന്റെതാണെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് ഉഡുപ്പി ജില്ലയുടെ ചുമതലയുള്ള മന്ത്രി ജയമാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."