നിര്‍ഭയ: പവന്‍ഗുപ്തയുടെ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രിംകോടതി നിരാകരിച്ചു.
തിരുത്തല്‍ ഹരജി തള്ളിയതിനാല്‍ പവന്‍ ഗുപ്തയ്ക്ക് ഇനി രാഷ്ട്രപതിയ്ക്ക് ദായാഹരജി നല്‍കാം. മറ്റു മൂന്നുപേരുടേയും ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.
മാര്‍ച്ച് മൂന്നിനു രാവിലെ ആറിനു പ്രതികളെ തൂക്കിലേറ്റാനാണ് നിലവില്‍ മരണവാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ജനുവരി 22നും പിന്നീട് ഫെബ്രുവരി ഒന്നിനും ഇവരെ തൂക്കിലേറ്റാന്‍ മരണ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ ഓരോരുത്തരായി ഹരജി നല്‍കിയതോടെ ഇതു നീണ്ടുപോകുകയായിരുന്നു. പ്രതികള്‍ മനഃപൂര്‍വം ശിക്ഷ നടപ്പാക്കുന്നത് വൈകിക്കുന്നതായി ഇതോടെ ആരോപണമുയരുകയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രത്തിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രിം കോടതി ഇത് മാര്‍ച്ച് അഞ്ചിനു പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നിനു വധശിക്ഷ നടപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ അഞ്ചിന് ഹരജി പരിഗണിക്കാമെന്നാണ് ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നത്. നാലു പ്രതികളെയും ഒരുമിച്ചുതന്നെ തൂക്കിലേറ്റണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേയായിരുന്നു കേന്ദ്രം സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."