കരിപ്പൂര്‍ എയര്‍പോര്‍ട്ട്: സര്‍ക്കാര്‍ നിലപാട് വിവേചനപരം
.കോഴിക്കോട്: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്ധനികുതി 28 ശതമാനത്തില്‍നിന്നും ഒരുശതമാനമാക്കി കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം വിവേചനപരമാണെന്ന് കാലിക്കറ്റ് ചേംബര്‍ എയര്‍പോര്‍ട്ട് സബ് കമ്മിറ്റി ഭാരവാഹികള്‍.
കണ്ണൂരിന് പ്രത്യേക പരിഗണന ലഭിക്കുന്നതില്‍ വിരോധമില്ല, പക്ഷെ അത് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആഭ്യന്തര സര്‍വിസുകളെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ ആവരുതെന്നും കാലിക്കറ്റ് ചേംബറില്‍ ചേര്‍ന്ന ചേംബര്‍ എയര്‍പോര്‍ട്ട് സബ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.കെ. മൊയ്തു, ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോട്ടുനിന്നും വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള ആഭ്യന്തര എയര്‍ സര്‍വിസുകളെ ഈ നടപടി സാരമായി ബാധിക്കുമെന്നതിനാല്‍ അടിയന്തരമായി കോഴിക്കോട് എയര്‍പോര്‍ട്ടിനും നികുതിയിളവ് പ്രഖ്യാപിക്കണമെന്നും മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.
വിമാനത്താവള അവഗണനകള്‍ക്കെതിരേ സെമിനാര്‍ സംഘടിപ്പിക്കുമെന്നും എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, ഡോ.എം.കെ മുനീര്‍ എന്നിവരുമായി എയര്‍പോര്‍ട്ട് ഡയരക്ടറെ കണ്ട് തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.കെ മൊയ്തു അധ്യക്ഷനായി.
കണ്‍വീനര്‍ ഷെവ. സി.ഇ ചാക്കുണ്ണി, ജോ.കണ്‍വീനര്‍ വിഷോബ് പനങ്ങാട്ട്, ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, മുന്‍ പ്രസിഡന്റുമാരായ എം. മുസമ്മില്‍, ടി.പി അഹമ്മദ് കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."