കാണാതായ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
കുമളി: മൂന്നുദിവസം മുമ്പ് കാണാതായ ഓട്ടോ ഡ്രൈവര്‍ അമരാവതി കിഴക്കുമേട്ടില്‍ സെന്തില്‍കുമാറിന്റെ (32) മരണം കൊലപാതകം. സെന്തിലിനെ കൊലപ്പെടുത്തിയെന്ന് പൊലിസ് സംശയിക്കുന്ന ബന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാളാര്‍ഡി മേപ്പരട്ട് ഗുരുസ്വാമിയെയാണ് (65) വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. മൂന്നുദിവസങ്ങള്‍ക്ക് മുമ്പാണ് ഗുരുസ്വാമിക്കു നല്‍കിയിരുന്ന ഒന്നര ലക്ഷം രൂപ തിരികെ വാങ്ങുന്നതിനായി സെന്തില്‍ പോയതെന്ന് വീട്ടുകാര്‍ പറയുന്നു.
രണ്ടുദിവസം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ സെന്തിലിന്റെ ഓട്ടോറിക്ഷ അട്ടപ്പള്ളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടോടെ ഗുരുസ്വാമിയുടെ വീട്ടില്‍ നിന്ന് കുറച്ച് അകലെയായി കുറ്റികാട്ടില്‍ സെന്തിലിന്റെ മൃതദേഹം കണ്ടെത്തി. പുല്ല് ചെത്താനെത്തിയ അയല്‍വാസിയാണ് രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതശരീരം ആദ്യം കണ്ടത്. തുടര്‍ന്ന് കട്ടപ്പന ഡി.വൈ.എസ്.പി എന്‍.സി. രാജ്‌മോഹന്‍, കുമളി സി.ഐ വി.കെ. പ്രകാശ്, കുമളി എസ്.ഐ പ്രശാന്ത്. പി. നായര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലിസ് നായ മണംപിടിച്ച് ഗുരുസ്വാമിയുടെ വീട്ടിലേക്കാണ് ഓടിയെത്തിയത്. സെന്തിലിന്റെ മൃതദേഹം കണ്ടെത്തിയ അന്ന് വൈകിട്ട് മുതല്‍ ഗുരുസ്വാമിയെ കണാതായിരുന്നു. പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വിശ്വനാഥപുരത്ത് ഉള്ളതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചകഴിഞ്ഞ് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ ഗുരുസ്വാമിയുടെ വീട്ടില്‍ നിന്ന് രക്തകറകളും മറ്റും ശേഖരിച്ചിരുന്നു.
വീട്ടില്‍ നിന്ന് വലിച്ചിഴച്ച പാടുകളും കണ്ടെത്തി. സെന്തിലിന്റെ മൃതദേഹം നഗ്‌നമായിരുന്നു. ഇതില്‍ നിന്ന് സെന്തിലിന്റേത് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലിസ് എത്തിയിരുന്നു. പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് കരുതുന്നത്.
കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായി പൊലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."