സര്‍വ'കല'യും പിന്നിട്ട് കട്ടപ്പുറത്ത്!
എന്‍.എം കോയ
തേഞ്ഞിപ്പലം: സര്‍വകലാശാലയിലെ വാഹനങ്ങള്‍ കാലപ്പഴക്കം കാരണം കട്ടപ്പുറത്താകുന്നതായി ആക്ഷേപം. ഒട്ടേറെ വാഹനങ്ങള്‍ ഉപയോഗയോഗ്യമല്ലാതായിട്ടും പുതിയവ വാങ്ങാന്‍ നടപടിയില്ലെന്നും ആക്ഷേപമുണ്ട്. ഭരണ കാര്യാലയിത്തിലെ വാഹനങ്ങള്‍ക്കാണ് ഈ ദുരവസ്ഥ.
വാഹനങ്ങള്‍ യാത്രയിലുള്‍പ്പെടെ തകരാറിലാകുന്നതു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകളില്‍നിന്ന് ഉള്‍പ്പെടെയുള്ള അതിഥികള്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കും ഉപയോഗിക്കാന്‍ ഭരണകാര്യാലയത്തിലെ ഈ വാഹനങ്ങളാണ് വിട്ടുനല്‍കാറുള്ളത്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ക്കായി വിവിധയിടങ്ങളിലേക്കു യാത്ര ചയ്യുന്നതിനും ഉപയോഗപ്പെടുത്തുന്ന വാഹനങ്ങളുടെ കാലപ്പഴക്കം കാരണം പലപ്പോഴും യാത്ര വഴിയില്‍ മുടങ്ങുന്ന സാഹചര്യമുണ്ട്. ഭരണ കാര്യാലയത്തില്‍ താല്‍ക്കാലിക ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ സേവനത്തിനായി ഉണ്ടെങ്കിലും വേണ്ടത്ര വാഹനങ്ങള്‍ ഈ വിഭാഗത്തിലില്ല.
സ്ഥിരം തസ്തികയില്‍ മൂന്നു ഡ്രൈവര്‍മാരും കരാറടിസ്ഥാനത്തില്‍ അഞ്ചു പേരുമാണുള്ളത്. ഇതിലൊരാള്‍ അത്യാവശ്യ കാര്യത്തിനു മാത്രം വിളിച്ചാല്‍ എത്തുന്ന ഡ്രൈവറുമാണ്. ഒരു ആംബുലന്‍സുണ്ടെങ്കിലും ഇതിനു മാത്രമായി ഒരു ഡ്രൈവറുടെ സേവനം നിലവിലില്ല. ഇതിനാല്‍ പലപ്പോഴും ഒഴിവു ദിവസങ്ങളില്‍ ആംബുലന്‍സ് ഓടിക്കാന്‍ ഡ്രൈവറില്ലാത്ത സാഹചര്യമുണ്ട്. വാഹനങ്ങളുടെ തകരാര്‍ കാരണം സര്‍വകലാശാലയുടെ ആവശ്യങ്ങള്‍ക്കു മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
നാലു വാഹനങ്ങളില്‍ രണ്ടെണ്ണം യന്ത്രത്തകരാര്‍ മൂലം വര്‍ക്‌ഷോപ്പിലും ഒന്ന് ഭരണ കാര്യാലയത്തിലെ ഗാരേജിലുമാണുള്ളത്. ചെറിയ തകരാര്‍ സംഭവിച്ചാല്‍പോലും നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ചേ വര്‍ക്‌ഷോപ്പില്‍ കൊണ്ടുപോകാവൂ എന്നതിനാല്‍ പലപ്പോഴും വാഹനം നന്നാക്കി ഉപയോഗത്തിനു കിട്ടാന്‍ ദിവസങ്ങളെടുക്കും. ഒരു മാസത്തോളമായി ഒരു കാര്‍ മാത്രമാണ് സേവനത്തിനായുള്ളതെന്നാണ് വിവരം. ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്കു പകരം ആവശ്യമായ പുതിയ വാഹനങ്ങള്‍ വാങ്ങിക്കണമെന്ന ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കാത്തതാണ് ദുരിതത്തിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."