ആശുപത്രി മാലിന്യം പുഴയില്‍ തള്ളിയ സംഭവം: കരാറുകാര്‍ റിമാന്‍ഡില്‍
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യം പുഴയില്‍തള്ളിയ സംഭവത്തില്‍ കരാറുകാരായ രണ്ടു പേരെ റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല മാടായിത്തറ കൊച്ചുവേളി അരുണ്‍, തണ്ണീര്‍മുക്കം കളത്തില്‍ പ്രദീഷ് എന്നിവരെയാണ് നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്.
എന്‍ജിനിയര്‍ നെയ്യാറ്റിന്‍കര ശിവശക്തിയില്‍ സുനില്‍കുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വടപുറം പഴയപാലത്തില്‍നിന്നു മാലിന്യം തള്ളുന്നതു തടയാനെത്തിയ നാട്ടുകാരെക്കണ്ട് അമിതവേഗത്തില്‍ ഓടിച്ച ലോറി 30 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത ഡ്രൈവര്‍ ചേര്‍ത്തല മുക്കുവന്‍ പറമ്പില്‍ പ്രശാന്ത് (27), ഗിരിലാല്‍ ഭവനത്തില്‍ ഗിരിലാല്‍ (21), ചങ്ങനാശേരി പൂപ്പറമ്പത്ത് ആന്റണിബാബു (27) എന്നിവരെ നിലമ്പൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ കരാറെടുത്തവര്‍ പുലര്‍ച്ചെ ഒന്നരയോടെ അവ ലോറിയില്‍ കൊണ്ടുവന്ന് വടപുറം പഴയപാലത്തിനു മുകളില്‍വെച്ച് കുതിരപ്പുഴയിലേക്ക് തള്ളുകയായിരുന്നു. രണ്ടാമതും മാലിന്യ ലോഡുമായി ലോറിയെത്തിയപ്പോള്‍ നാട്ടുകാര്‍ തടയാനായി വന്നു.
ഇതോടെ അമതിവേഗതയില്‍ ഓടിച്ചുപോയ ലോറി വടപുറംപാലം അപ്രോച്ച് റോഡ് കഴിഞ്ഞ് റോഡ് വീതികൂട്ടുന്നിടത്ത് താഴ്ചയിലേക്കു മറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."