മുഖ്യമന്ത്രിക്കും പി. ജയരാജനും വധഭീഷണി
തിരുവനന്തപുരം/ കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും വധഭീഷണിയുമായി കത്തുകള്‍. മുഖ്യമന്ത്രിക്കുള്ള വധഭീഷണിക്കത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസിലും ജയരാജനെ വധിക്കുമെന്ന ഭീഷണിയുള്ള കത്ത് സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിലുമാണ് ലഭിച്ചത്.
പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് മുഖ്യമന്ത്രിക്കുള്ള കത്തിലുള്ളത്. ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറി എ.എം റഹീമിനും കത്തില്‍ വധഭീഷണിയുണ്ട്. കത്ത് പൊലിസിനു കൈമാറിയ റഹീം തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്കു പരാതി നല്കി.
സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസില്‍ ലഭിച്ച വധഭീഷണിക്കത്ത് ജയരാജന്റെ സുരക്ഷാ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥന് കതിരൂര്‍ പൊലിസിനു കൈമാറി. പൊലിസിനു നേരിട്ടു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തലശ്ശേരി എ.സി.ജെ.എം കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. കോടതിയുടെ അനുമതി കിട്ടിയ ശേഷമാവും പൊലിസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
ഒരാളുടെ പേരും ഒപ്പും മേല്‍വിലാസവും സഹിതമാണ് കത്ത്. കേരളത്തിലെ പല രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ ജയരാജനാണെന്നും നിയമനടപടികളില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും എഴുതിയ കത്തില്‍ ജയരാജന് ഉടന്‍ കൊല്ലപ്പെടുമെന്നാണ് ഭീഷണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."